പൂച്ചക്ക് ഒരു മുക്കുത്തി എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത അദ്ദേഹം അധികം വൈകാതെ തന്നെ ഹിന്ദി, തമിഴ് ഭാഷകളിലും തിരക്കുള്ള ഫിലിംമേക്കറായി മാറി. മലയാളത്തിൽ വലിയ വിജയങ്ങൾ സമ്മാനിച്ച അദ്ദേഹം ദേശീയ – സംസ്ഥാന അവാർഡുകളിൽ പലവട്ടം മുത്തമിട്ടുണ്ട്. കൊമേഴ്ഷ്യൽ സിനിമകൾക്കൊപ്പം കലാമൂല്യമുള്ള സിനിമകളും അദ്ദേഹം സമ്മാനിച്ചു.
ഇപ്പോഴിതാ സംവിധാനത്തിൽ നിന്നും വിരമിക്കാൻ പോകുകയാണെന്ന് സൂചനകൾ നൽകുകയാണ് പ്രിയദർശൻ. അക്ഷയ് കുമാർ, പരേഷ് റാവൽ, വാമിക ഗബ്ബി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഭൂത് ബംഗ്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് സംവിധായകൻ പൂർത്തിയാക്കിയത്. ഹേര ഫേരി 3, ഹൈവാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം താൻ സംവിധാനത്തിൽ നിന്നും വിരമിക്കുമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘ഹേര ഫേരി 3, ഹൈവാൻ എന്നീ ചിത്രങ്ങൾ ചിലപ്പോൾ എന്റെ കരിയറിലെ അവസാന സിനിമകളായിരിക്കാം. എനിക്ക് ക്ഷീണം തോന്നുന്നു. ഞാൻ വിരമിക്കാൻ ആഗ്രഹിക്കുന്നുണ്ട്,’ പ്രിയദർശൻ പറയുന്നു.
ഹേര ഫേരി 3 എന്ന സിനിമയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ഹേര ഫേരി. റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. തിയേറ്ററുകളിൽ ഈ ചിത്രം വലിയ വിജയമായതിന് പിന്നാലെ 2006 ൽ ഫിർ ഹേരാ ഫേരി എന്ന പേരിൽ രണ്ടാം ചിത്രവും റിലീസ് ചെയ്തു. ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഹേര ഫേരി 3 ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്.
‘എന്റെ ഒറിജിനൽ സിനിമകൾ റീമേക്ക് ചെയ്താൽ പിന്നെ അതിന്റെ തുടർ ഭാഗങ്ങൾ ഞാൻ വീണ്ടും ചെയ്യാറില്ല. എന്റെ ഒരു വർക്കിങ് രീതിയല്ല അത്. പക്ഷെ ഞാൻ എന്തായാലും ഹേരാ ഫെറിയുടെ മൂന്നാം ഭാഗം ചെയ്യും. അതിന്റെ നിർമാതാക്കൾ കുറേകാലമായി എന്നോട് ആ സിനിമ ചെയ്യാൻ വേണ്ടി അഭ്യർത്ഥിക്കുന്നു. ഇനിയും എനിക്കത് കേട്ടില്ലെന്ന് നടിക്കാൻ കഴിയില്ല,’ പ്രിയദർശൻ പറഞ്ഞു.
അതേസമയം സൈഫ് അലി ഖാൻ, അക്ഷയ് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഹൈവാൻ എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. മോഹൻലാൽ നായകനായി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയുടെ റീമേക്കാണ് ഹൈവാൻ.
Content Highlight: Priyadarshan hints at retirement from films