ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. സിനിമാപാരമ്പര്യമില്ലാതെ വന്ന് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഫിലിംമേക്കിങ് ശൈലി പരിചയപ്പെടുത്തിയ പ്രിയദര്‍ശന്‍ തന്റെ നൂറാമത്തെ സിനിമയുടെ തയാറെടുപ്പിലാണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഒരിടവേളക്ക് ശേഷം വീണ്ടും ബോളിവുഡില്‍ സജീവമാകാന്‍ പോവുകയാണ് പ്രിയദര്‍ശന്‍. അക്ഷയ് കുമാറിനൊപ്പം ബാക്ക് ടു ബാക്ക് പ്രൊജക്ടുകള്‍ ചെയ്തുതീര്‍ത്ത അദ്ദേഹം നൂറാമത്തെ ചിത്രം മോഹന്‍ലാലിനൊപ്പമാണ് ചെയ്യുന്നത്. ലോകസിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു സംവിധായകന്റെ ആദ്യ സിനിമയിലും നൂറാമത്തെ സിനിമയിലും ഒരേ നടനെ നായകനാക്കുന്നു എന്ന അപൂര്‍വ നേട്ടം ഈ സിനിമയിലൂടെ സ്വന്തമാക്കിയിരിക്കുകയാണ്.
പ്രിയദര്‍ശന്‍ Phot: Screen grab/ Filmfare
മലയാളത്തില്‍ ഒരുകാലത്ത് ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്തിരുന്ന പ്രിയദര്‍ശന്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്‍ഡസ്ട്രിയില്‍ അത്ര സജീവമല്ല. ഓരോ സിനിമകള്‍ക്കിടയിലെയും ഗ്യാപ് വലുതായിരിക്കുകയാണ്. മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് അദ്ദേഹം. ഫിലിംഫെയറിനോട് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
‘കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ആകെ രണ്ട് സിനിമകള്‍ മാത്രമേ ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ. അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ പഴയ ആ ഒരു എക്‌സൈറ്റ്‌മെന്റ് ഇപ്പോള്‍ എനിക്ക് കിട്ടുന്നില്ല. പണ്ടൊക്കെ ഒരു സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ഓരോ ആര്‍ട്ടിസ്റ്റുകളുടെയും മുഖം മനസില്‍ വരും. അവര്‍ക്ക് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂ എന്ന് നമുക്ക് ഉറപ്പാണ്.
ജഗതി, നെടുമുടി വേണു ചേട്ടന്‍, മാമുക്കോയ, ലളിത ചേച്ചി അങ്ങനെ എത്രയെത്ര ആര്‍ട്ടിസ്റ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ അവര്‍ ചെയ്തുവെച്ച വേഷം ആര് ചെയ്യുമെന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. എല്ലാവരും പോയി. അപ്പോള്‍ നമുക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ മാത്രമേയുള്ളൂ. അതുകൊണ്ടാണ് മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്യാത്തത്,’ പ്രിയദര്‍ശന്‍ പറയുന്നു.
ഏറെക്കാലത്തിന് ശേഷം പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ഭൂത് ബംഗ്ലാ റിലീസിന് തയാറെടുക്കുകയാണ്. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രം ഈ മാസം 14ന് തിയേറ്ററുകളിലെത്തും. ഇതിന് ശേഷം ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹയ്‌വാനും റിലീസിന് തയാറെടുക്കുന്നുണ്ട്. ഈ ചിത്രത്തിന് ശേഷമാകും മോഹന്‍ലാലുമൊത്തുള്ള പ്രൊജക്ട് ആരംഭിക്കുക. ആശീര്‍വാദ് സിനിമാസാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
മ്യൂസിക്കല്‍ ഡ്രാമ ഴോണറിലുള്ള ചിത്രമാകും ഇതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും അവസാനം ഒന്നിച്ച ചിത്രമായിരുന്നു മരക്കാര്‍: അറബിക്കടലിന്റെ സിംഹം. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
Content Highlight: Priyadarshan explains why he didn’t do more films in Malayalam