ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ വേണ്ടി കഷ്ടപ്പെട്ട് മറ്റൊരാളാകാന്‍ എനിക്ക് താല്‍പര്യമില്ല: പ്രിയ വാര്യര്‍
Entertainment news
ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ വേണ്ടി കഷ്ടപ്പെട്ട് മറ്റൊരാളാകാന്‍ എനിക്ക് താല്‍പര്യമില്ല: പ്രിയ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st December 2022, 12:31 pm

ആളുകള്‍ ഇഷ്ടപ്പെടാന്‍ വേണ്ടി താന്‍ മാറാന്‍ തയ്യാറല്ല എന്ന് പറയുകയാണ് നടി പ്രിയ വാര്യര്‍. പറയാനുള്ളവര്‍ എപ്പോഴും ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമെന്നും, അതിനനുസരിച്ച് തന്റെ സംസാരം മാറ്റാന്‍ തയ്യാറല്ലെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പറയുന്നവര്‍ എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനത്തെ ഒരു പ്രതീക്ഷകളും എനിക്കില്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നും കരുതി ഞാന്‍ സംസാരിക്കുന്ന രീതിയോ, പറയുന്ന കാര്യങ്ങളോ മാറ്റണമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല.

ഞാന്‍ എങ്ങനെയാണോ യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ പുറത്ത് കാണിക്കണമെന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. അല്ലാതെ ഒരു മാസ്‌ക്കിട്ട് നടക്കാന്‍ എനിക്കറിയില്ല. ഇത്തരത്തില്‍ മറച്ച് വെച്ച് ജീവിക്കണം എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല.

എപ്പോഴും നമ്മള്‍ സത്യസന്ധമായി നിലനില്‍ക്കാന്‍ ശ്രമിക്കുക. കുറച്ച് കാലം കഴിയുമ്പോള്‍ ആളുകള്‍ക്ക് അതുമായി റിലേറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രക്ഷകര്‍ക്ക് ഉറപ്പായും അത് മനസിലാകുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ ആളുകളെ ഇഷ്ടപ്പെടുത്താനായി ഒരു മാസ്‌ക് ഒന്നും അണിഞ്ഞ് നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടാന്‍ വേണ്ടി അങ്ങനെ കഷ്ടപ്പെട്ട് മറ്റൊരാളാകാന്‍ എനിക്ക് താത്പര്യമില്ല. അതില്‍ ഒരു കാര്യമുണ്ടെന്നും എനിക്ക് ഇതുവരെ തോന്നയിട്ടില്ല,’ പ്രിയ വാര്യര്‍ പറഞ്ഞു.

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് പ്രിയ. സിനിമ റിലീസ് ആകുന്നതിന് മുമ്പ് പുറത്ത് വന്ന ഗാനത്തിലൂടെ തന്നെ താരം വൈറലായി. എന്നാല്‍ അതിന് പിന്നാലെ സൈബര്‍ ആക്രമണങ്ങളും പ്രിയക്ക് നേരിടേണ്ട് വന്നു. പലതരത്തിള്ള കളിയാക്കലുകളും ഗോസിപ്പുകളും താരത്തിന് തിരിച്ചടിയായി.

തന്റെ ആദ്യ സിനിമയുടെ തിരഞ്ഞെടുപ്പ് തന്നെ തെറ്റായിരുന്നു എന്ന് അടുത്തിടക്ക് പ്രിയ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത നവംബറില്‍ തിയേറ്ററിലെത്തിയ 4 ഇയേഴ്‌സാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. പ്രിയക്ക് പുറമേ സര്‍ജാനോ ഖാലിദും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

conteny highlight: priya warrier reacts against unnecessary criticism of people