ഒരു അഡാര്‍ ലവ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ വാര്യര്‍. മലയാളത്തിന് പുറമെ മറ്റ് വിവിധ ഭാഷകളിലും അഭിനയിക്കാന്‍ പ്രിയക്ക് സാധിച്ചിരുന്നു.
അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന തമിഴ് ചിത്രത്തില്‍ നടി ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ആ സിനിമയെ കുറിച്ചും അജിത്തിനെ കുറിച്ചും പറയുകയാണ് പ്രിയ വാര്യര്‍. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയ.
അജിത്തിന്റെ കൂടെ ഗുഡ് ബാഡ് അഗ്ലിയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എന്തായിരുന്നു മാനസികാവസ്ഥയെന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഏറെ സന്തോഷം തോന്നിയെന്നാണ് മറുപടി പറഞ്ഞത്.
‘ആ സിനിമയില്‍ വന്നു പോകുന്ന ഒരു കഥാപാത്രമാണെങ്കില്‍ പോലും സാരമില്ലെന്ന് ആദ്യമേ ഞാന്‍ തീരുമാനിച്ചിരുന്നു. അജിത്ത് സാറിന്റെയടുത്ത് എന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ തന്നെ അദ്ദേഹം വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്ന് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ എന്നോട് പറഞ്ഞിരുന്നു. അപ്പോള്‍ അതിനേക്കാള്‍ വലിയ അംഗീകാരം മറ്റൊന്നും വേണ്ടെന്ന് മനസ് പറഞ്ഞു,’ പ്രിയ വാര്യര്‍ പറയുന്നു.
ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ നിബന്ധനകളാണ് വെയ്ക്കാറുള്ളത് എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി നല്‍കി. താന്‍ അങ്ങനെ നിബന്ധനകള്‍ ഒന്നും തന്നെ വയ്ക്കാറില്ലെന്നാണ് പ്രിയ പറയുന്നത്.
കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കാമെന്ന് സമ്മതിക്കുമെന്നും കൂടാതെ ശക്തനായ സംവിധായകന്‍, നല്ല കഥ, കഥാപാത്രം, ശക്തമായ നിര്‍മാണ സ്ഥാപനം ഇതില്‍ ഏതെങ്കിലും ഒരു ഘടകം ഉണ്ടെങ്കിലേ താന്‍ സ്വീകരിക്കൂവെന്നും നടി കൂട്ടിച്ചേര്‍ത്തു.
2025ല്‍ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ച ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൈത്രി മൂവി മേക്കേഴ്സിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്. ഈ തമിഴ് ആക്ഷന്‍ കോമഡി സിനിമയില്‍ അജിത്താണ് നായകനായത്.
പ്രിയ വാര്യര്‍ക്ക് പുറമെ തൃഷ, അര്‍ജുന്‍ ദാസ്, ഷൈന്‍ ടോം ചാക്കോ, ജാക്കി ഷ്രോഫ്, സുനില്‍, പ്രഭു, പ്രസന്ന, കാര്‍ത്തികേയ ദേവ് തുടങ്ങി മികച്ച താരനിര തന്നെയാണ് ഒന്നിച്ചത്.
Content Highlight: Priya Varrier Talks About Ajith And Good Bad Ugly Movie