ശബരിമലയിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് അനുമതിയില്ല
Kerala
ശബരിമലയിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് അനുമതിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th July 2025, 7:16 am

പത്തനംതിട്ട: ശബരിമലയിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി. ശബരിമലയിൽ ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ട് സ്വകാര്യ വ്യക്തി പണം സമാഹരിക്കുന്നുവെന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള തുടർനടപടികൾ രണ്ടാഴ്ച്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു‌. പഞ്ചലോഹ വിഗ്രഹത്തിൻ്റെ പേരിൽ പണപ്പിരിവ് നടന്നതിൽ അന്വേഷണം നടത്താൻ ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് ദേവസ്വം പൊലീസിനോട് ഉത്തരവിട്ടു. പണപ്പിരിവ്, അക്കൗണ്ടിലേക്ക് വന്ന തുക, പിൻവലിച്ച തുക എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തണം. ശബരിമല പഞ്ചലോഹ വിഗ്രഹം കേസ് നിസാരമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

തമിഴ്‌നാട് ഈറോഡ് ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ചെയർമാൻ ഡോ. ഇ.കെ.സഹദേവനാണ് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയെന്ന് അവകാശപ്പെട്ട് പണപ്പിരിവ് നടത്തിയത്. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്ലൊരുതുക സംഭാവന എത്തിയതായി പൊലീസ് കോ-ഓർഡിനേറ്റർ കണ്ടെത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ തുക പിൻവലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്ററോട് കോടതി നിർദേശിച്ചു.

ക്ഷേത്രപരിസരത്ത് വിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് കത്തിടപാടുകൾ നടന്നെങ്കിലും ഇതുവരെയും അനുമതി നൽകിയിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ദേവസ്വം ബോർഡ് അറിയിച്ചത്.

കേസിൽ നോട്ടീസ് കൈപ്പറ്റാതിരുന്ന ഡോ. സഹദേവന് പുതിയ നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. ദേവസ്വം സെക്രട്ടറിയും സത്യവാങ്മൂലം സമർപ്പിക്കണം. കേസ് ഓഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും.

രണ്ടടി ഉയരവും 108 കിലോഗ്രാം തൂക്കവുമുള്ള ഒമ്പത് ലക്ഷം രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി കിട്ടിയെന്നായിരുന്നു തമിഴ്‌നാട്ടിൽ വിതരണം ചെയ്തിരുന്ന ലഘുലേഖയിൽ പറഞ്ഞിരുന്നത്.

ബാങ്ക് അക്കൗണ്ട് നമ്പറും ക്യുആർ കോഡും മൊബൈൽ നമ്പറും ലഘുലേഖയിൽ പ്രിൻ്റ് ചെയ്തിരുന്നു. തുടർന്ന് പണപ്പിരിവും ആരംഭിച്ചു. എന്നാൽ ക്ഷേത്രാങ്കണത്തിൽ വിഗ്രഹം സ്ഥാപിക്കാനാകില്ലെന്ന് തന്ത്രി വ്യക്തമാക്കിയതായി സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. ഇത്തരമൊരു തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും തന്ത്രി വ്യക്തമാക്കി. തുടർന്നാണ് കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ സമീപിച്ചത്.

കൂടാതെ പലയിടത്തും വിഗ്രഹങ്ങൾ വെക്കുന്നുണ്ടെന്നും ഇത് വളരെ ഗുരുതരമായ വിഷയമാണെന്നും കോടതി പറഞ്ഞു. വിഗ്രഹങ്ങൾ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്ന് പരിശോധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അന്നദാന മണ്ഡപത്തിലും മറ്റും ഇത്തരത്തിൽ വിഗ്രഹം വയ്ക്കാൻ അനുമതി നൽകുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കോടതി. ഇത്തരത്തിൽ വെക്കുന്ന വിഗ്രഹങ്ങൾക്ക് സമീപം നേർച്ചപ്പെട്ടികളും മറ്റും വയ്ക്കുന്നുണ്ടോ എന്നൽ സംബന്ധിച്ചും സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകണം.

 

Content Highlight: Private person not allowed to install Panchaloha idol in Sabarimala