വിശാഖപട്ടണം: തെലങ്കാനയിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ് ഇന്റേണുകൾക്ക് സ്റ്റൈപ്പൻഡ് നൽകുന്നില്ലെന്ന് വിമർശനം. സംസ്ഥാനത്തെ സ്വകാര്യ കോളേജുകളിലുടനീളമുള്ള മെഡിക്കൽ ഇന്റേണുകൾക്ക് പ്രതിമാസം 25,906 രൂപ സ്റ്റൈപ്പൻഡ് നിർബന്ധമാക്കി 2023 ൽ തെലങ്കാന സർക്കാർ ഉത്തരവ് ഉത്തരവ് ഇറക്കിയിരുന്നു. എങ്കിലും പല സ്വകാര്യ സ്ഥാപനങ്ങളും ഈ നിയമം ലംഘിക്കുന്നുണ്ടെന്നും പ്രതിമാസം 2,000 അല്ലെങ്കിൽ 5,000 പോലും നൽകുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
തെലങ്കാനയിലെ ഒരു പ്രധാന എം.ബി.ബി.എസ് കോളേജായ പട്നം മഹേന്ദർ റെഡ്ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ, ഇന്റേണുകൾക്ക് പ്രതിമാസം 25,000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാറുണ്ടെന്നും, എന്നാൽ 20,000 രൂപ പണമായി കോളേജിൽ തിരികെ നല്കാൻ നിർബന്ധിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
സംഭവത്തെക്കുറിച്ച് കോളേജ് മാനേജ്‌മെന്റിനോട് വിദ്യാർത്ഥികൾ പരാതിപ്പെട്ടപ്പോൾ, സ്റ്റൈപ്പൻഡ് നൽകാൻ കഴിയില്ലെന്നും മറിച്ച് ബസ്, ഹോസ്റ്റൽ ഫീസ് ഒഴിവാക്കി നൽകാമെന്നുമായിരുന്നു മറുപടി. എന്നാൽ ആ വാഗ്ദാനങ്ങൾ പോലും കടലാസിൽ ഒതുങ്ങിയെന്ന് ഇന്റേൺ പറയുന്നു.
‘ഞങ്ങൾ 36 മണിക്കൂർ മുതൽ 40 മണിക്കൂർ വരെ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നു. രോഗികളെ പരിചരിക്കുന്നു, പലപ്പോഴും അപര്യാപ്തമായ സൗകര്യങ്ങളിൽ ജീവിക്കുന്നു. ന്യായമായ വേതനത്തിനുപകരം അവർ ഞങ്ങളെ കൊള്ളയടിക്കുകയും നിശബ്ദരാക്കുകയും ചെയ്യുന്നു,’ മറ്റൊരു ഇന്റേൺ പരാതിപ്പെട്ടു.
ഒന്നിലധികം കോളേജുകളിലെ ഇന്റേണുകൾ അനൗപചാരിക ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രതിഷേധിക്കുകയും അവരുടെ കോളേജ് മാനേജ്‌മെന്റുകൾക്ക് രേഖാമൂലമുള്ള നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തതോടെ ഈ പ്രശ്നം കൂടുതൽ ശക്തി പ്രാപിച്ചു.
കരിംനഗറിലെ ചൽമേഡ ആനന്ദ് റാവു മെഡിക്കൽ കോളേജിലെ മറ്റൊരു ഇന്റേൺ വെളിപ്പെടുത്തിയത്, വിദ്യാർത്ഥികൾക്ക് പ്രതിമാസം 2,000 രൂപ മാത്രമേ സ്റ്റൈപ്പൻഡായി ലഭിക്കുന്നുള്ളൂവെന്നാണ്. ‘ഞങ്ങളെ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നിർബന്ധിത ഫീൽഡ് സന്ദർശനങ്ങൾക്ക് അയയ്ക്കുന്നു. പക്ഷേ ഞങ്ങളുടെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല. കോളേജ് അവരുടെ ബസ് ഉപയോഗിക്കണമെന്ന് നിർബന്ധിക്കുകയും തുടർന്ന് ഞങ്ങളുടെ സ്റ്റൈപ്പൻഡിൽ നിന്ന് ഗതാഗത ചാർജുകൾ കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ പലപ്പോഴും ഞങ്ങൾക്ക് 500 രൂപയോ 1,000 രൂപയോ മാത്രമേ സ്റ്റൈപ്പൻഡായി ലഭിക്കുന്നുള്ളൂ,’ ഇന്റേൺ പറഞ്ഞു.
Content Highlight: Private medical colleges in Telangana credit ₹25,000 stipend, take back ₹20,000 in cash, allege MBBS students