ദുല്‍ഖറും ഫഹദും എന്നെപ്പോലെ തന്നെ കഠിനാധ്വാനികള്‍, വേ ഫെറര്‍ ഫിലിംസിനെ പറ്റി ദുല്‍ഖറിന് നല്ല വിഷനുണ്ട്: പൃഥ്വിരാജ്
Malayalam Cinema
ദുല്‍ഖറും ഫഹദും എന്നെപ്പോലെ തന്നെ കഠിനാധ്വാനികള്‍, വേ ഫെറര്‍ ഫിലിംസിനെ പറ്റി ദുല്‍ഖറിന് നല്ല വിഷനുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 11:26 pm

ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും തന്നെപ്പോലെ തന്നെ കഠിനാധ്വാനികളാണെന്ന് പറയുകയാണ് പൃഥ്വിരാജ്. അത് പക്ഷേ പുറത്തേക്ക് കാണുന്നില്ലായിരിക്കാമെന്നും വേ ഫെറര്‍ ഫിലിംസിനെ പറ്റി ദുല്‍ഖറിന് നല്ല വിഷനുണ്ടെന്നും എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘ദുല്‍ഖര്‍ സല്‍മാന്‍ എന്റെ സുഹൃത്താണ്. ദുല്‍ഖറിന് വേ ഫെറര്‍ ഫിലിംസിനെ കുറിച്ചും ആ കമ്പനി എങ്ങനെ മുമ്പോട്ട് കൊണ്ടുപോകണമെന്നതിനെ കുറിച്ചും എത്തരത്തിലുള്ള സിനിമയാണ് അവിടെ ചെയ്യേണ്ടത് എന്നതിനെ കുറിച്ചുമൊക്കെ ഭയങ്കര വിഷനുള്ള ഒരു ചെറുപ്പക്കരാനാണ്. ദുല്‍ഖര്‍ വളരെ ഹാര്‍ഡ് വര്‍ക്കിങ്ങുമാണ്. ഒരുപക്ഷേ പുറമേ അത് കാണുന്നില്ലായിരിക്കാം.

ഫഹദും അതുപോലെ തന്നെയാണ്. എനിക്ക് പരിചയമുള്ള ആളുകളെ കുറിച്ചാണ് പറയുന്നത്. ഞാന്‍ മാത്രമല്ല ഹാര്‍ഡ് വര്‍ക്കിങ്. ഞാന്‍ പണ്ട് പറഞ്ഞ കാര്യങ്ങളിലേക്ക് എത്തിപ്പെടാന്‍ ഭയങ്കരമായി പരിശ്രമിച്ചു, എന്റെ പരിശ്രമങ്ങള്‍ക്ക് എനിക്ക് ഒരു റിവാര്‍ഡ് കിട്ടി എന്നുള്ളതേയുള്ളൂ.

എപ്പോഴും ഞാന്‍ പറയാറുള്ളതുപോലെ, എത്തിപ്പെടണം എന്നാഗ്രഹിച്ച ഒരു സ്ഥലത്ത് എത്തിപ്പെടുന്നതല്ല പ്രയാസമുള്ളത്. ഒരുപക്ഷേ അതാണ് എപ്പോഴും ഈസി. എത്തിപ്പെട്ട സ്ഥലത്ത് നിലനില്‍ക്കാനും അവിടെനിന്നും ആ യാത്ര മുന്നോട്ട് കൊണ്ടുപോകാനുമാണ് ശരിക്കും ബുദ്ധിമുട്ട്. അതുകൊണ്ട് ബുദ്ധിമുട്ട് ഇനി ഞാന്‍ നേരിടാന്‍ പോകുന്നതേയുള്ളൂ,’ പൃഥ്വിരാജ് പറഞ്ഞു.

കാപ്പയാണ് ഏറ്റവും പുതുതായി റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 22നാണ് റിലീസ് ചെയ്തത്. ജി. ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്.

Content Highlight: prithviraj talks about dulquer salmaan and fahad faasil