എന്നെ വളര്‍ത്തി വലുതാക്കിയ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശവുമുണ്ട്, അതില്‍ നിന്ന് പാഠം പഠിക്കുകയാണ് ഞാന്‍: പൃഥ്വിരാജ്
Malayalam Cinema
എന്നെ വളര്‍ത്തി വലുതാക്കിയ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശവുമുണ്ട്, അതില്‍ നിന്ന് പാഠം പഠിക്കുകയാണ് ഞാന്‍: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th November 2025, 7:12 am

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന വിലായത്ത് ബുദ്ധയുടെ ട്രെയ്‌ലര്‍ ലോഞ്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിച്ച പൃഥ്വിയുടെ വാക്കുകള്‍ ഇതിനോടകം പലരും ഏറ്റെടുത്തു. വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നും അത് എളുപ്പമുള്ളതാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

‘എന്നെ വളര്‍ത്തി വലുതാക്കിയത് നിങ്ങള്‍ പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. ഇന്ന് ഈ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനായി ലുലു മാളില്‍ വരുമ്പോള്‍ ഇത്രയധികം ആളുകള്‍ എന്നെ കാണാനായി ഇവിടെ കൂടിയിരിക്കുന്നത് എന്നോടുള്ള സ്‌നേഹവും എന്നിലുള്ള പ്രതീക്ഷയും കാരണമാണ്.

അപ്പോള്‍, എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അധികാരവും നിങ്ങള്‍ക്കുണ്ട്. ഞാന്‍ മോശമായാല്‍ മോശമായി എന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം എന്നെ വളര്‍ത്തി വലുതാക്കിയ മലയാളി പ്രേക്ഷകര്‍ക്കുണ്ട്. അത് എല്ലാ റെസ്പക്ടോടും കൂടി ഞാന്‍ ഏറ്റെടുക്കും. എന്നെ വിമര്‍ശിക്കുന്നതിലൂടെ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിയുടെ ഈ ഏറ്റുപറച്ചില്‍ പക്വതയുള്ളതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയെക്കാളും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന നടനാണ് പൃഥ്വിയെന്നും അതിന്റെ പേരില്‍ ഒരിക്കലും മലയാളി പ്രേക്ഷകരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പറഞ്ഞുകൊണ്ട് പൃഥ്വിയുടെ വീഡിയോ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

പരാജയവും വിജയവും ഒരുപോലെ കണ്ട് വളര്‍ന്നുവന്ന കരിയറാണ് പൃഥ്വിയുടേതെന്നും അതുകൊണ്ടാണ് ഇങ്ങനെ സെന്‍സിബിളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മെച്ചുരിറ്റിയുള്ള നടന്മാരില്‍ ഒരാളാണ് പൃഥ്വിയെന്നും അന്യഭാഷയില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടും സ്വന്തം പ്രേക്ഷകരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം കാന്തായുടെ പ്രൊമോഷനിടെ ദുല്‍ഖര്‍ കേരളത്തിലെ പ്രേക്ഷകരെക്കുറിച്ച് സംസാരിച്ചതാണ് ഈ ചര്‍ച്ചക്ക് കാരണമായത്. തെലുങ്കിലെ പ്രേക്ഷകര്‍ താന്‍ സിനിമ ചെയ്തില്ലെങ്കിലും സ്‌നേഹത്തോടെ പെരുമാറുമെന്നും എന്നാല്‍ മലയാളത്തില്‍ രണ്ട് വര്‍ഷം മാറി നിന്നാല്‍ ഫീല്‍ഡൗട്ടായെന്ന് പറയുമെന്നായിരുന്നു താരം അഭിപ്രായപ്പെട്ടത്. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയാണ്.

Content Highlight: Prithviraj Sukumran’s reply to criticisms viral in social media