പൃഥ്വിരാജ് അഭിനയിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സര്‍സമീന്‍. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജോളും സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനുമാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂലൈ 25ന് ജിയോഹോട്ട്സ്റ്റാറിലൂടെ സര്‍സമീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.
ഇബ്രാഹിം അലി ഖാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സര്‍സമീന്‍. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് ഇബ്രാഹിം അലി ഖാന്‍ നിരവധി വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ ഇബ്രാഹിമിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഇബ്രാഹിം അലി ഖാന്‍ ആദ്യം അഭിനയിക്കുന്ന ചിത്രം സര്‍സമീന്‍ ആണെന്നും എന്നാല്‍ ആദ്യ റിലീസ് ചെയ്യപ്പെട്ട ചിത്രം നദനിയന്‍ ആയിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.
ഏറ്റവും നന്നായി തയ്യാറെടുപ്പുകള്‍ നടത്തി സിനിമയിലേക്ക് വന്ന പുതുമുഖ നടനാണ് ഇബ്രാഹിം എന്നും ഷാരൂഖ് ഖാനും മമ്മൂട്ടിയും മോഹന്‍ലാലും വരെ സിനിമയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ടെന്നും ഇബ്രാഹിമിന് ലഭിച്ചതും അത്തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സാസംസാരിക്കുകയിരുന്നു പൃഥ്വിരാജ്.
‘ഒരു പുതുമുഖ നടന് ചെയ്യാന്‍ കഴിയുന്ന എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയാണ് ഇബ്രാഹിം സിനിമയിലേക്ക് വന്നത്. ഒരു പുതുമുഖ നടന് ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കവുമാണ് അവന് ലഭിച്ചത്. ഇക്കാര്യം ഞാന്‍ സെയ്ഫ് സാറോടും ഇബ്രാഹിമിനോടും എപ്പോഴും പറയാറുണ്ട്. അവന്‍ അവന്റെ കഥാപാത്രത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠിച്ചാണ് സെറ്റിലേക്ക് എത്തുക.
നല്ല പരിശീലനം നേടിയിട്ടാണ് ഇബ്രാഹിം ആ കഥാപാത്രത്തെ ചെയ്തത്. ഈ സിനിമ കണ്ടിട്ട് അവന്റെ പ്രകടനത്തെ കുറിച്ച് ആളുകള്‍ എന്തായിരിക്കും പറയുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാന്‍. ഇബ്രാഹിമിന്റേതായി ആദ്യമിറങ്ങിയ ചിത്രം നദനിയന്‍ ആണെങ്കിലും അവന്‍ ആദ്യമായി അഭിനയിക്കുന്നത് ഈ സിനിമയിലാണ്.
പിന്നെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ഷാരൂഖ് ഖാനുപോലും വിമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വരുന്നില്ലേ, എന്തിനേറെ പറയുന്നു മോഹന്‍ലാല്‍ സാറിനെയും മമ്മൂട്ടി സാറിനെയും പോലും വിമര്‍ശിക്കാന്‍ ആളുകളില്ലേ, ഇതും അങ്ങനെത്തന്നെയാണ്,’ പൃഥ്വിരാജ് പറയുന്നു.