ഞാനുമായി വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി പത്രസമ്മേളനം വിളിച്ചു: പൃഥ്വിരാജ്
Malayalam Cinema
ഞാനുമായി വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി പത്രസമ്മേളനം വിളിച്ചു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st July 2025, 10:02 am

ഇന്ന് മലയാളത്തില്‍ എന്നത് പോലെ തന്നെ ഇന്ത്യയിലെ മറ്റ് സിനിമാ മേഖലകളിലും അറിയപ്പെടുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ഒരു ‘ക്രേസി ഫാന്‍സ് എക്‌സ്പീരിയന്‍സ്’ പറയുകയാണ് നടന്‍.

‘തനിക്ക് ഒരു ട്രൊമാറ്റിക്കായ അനുഭവം ഉണ്ടായിരുന്നു’ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞു തുടങ്ങുന്നത്. താന്‍ നായകനായി എത്തിയ ഏറ്റവും പുതിയ സര്‍സമീന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിയോ ഹോട്‌സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘എനിക്ക് അന്ന് പ്രസ് ക്ലബില്‍ നിന്ന് ഒരു കോള്‍ വരികയായിരുന്നു. അവിടെ ഒരു പെണ്‍കുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ട് എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. അവള്‍ എന്നെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞാണ് ആ പത്രസമ്മേളനം വിളിച്ചിരുന്നത്.

വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും മറ്റുമായിട്ടാണ് വന്നത്. അത് കേട്ടതും ഞാന്‍ പെട്ടെന്ന് ചിരിച്ചു പോയി. ആ സമയത്ത് എന്റെ വിവാഹം കഴിഞ്ഞിരുന്നു. പക്ഷെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അതൊരു തട്ടിപ്പാണെന്ന് മനസിലായെന്ന് തോന്നുന്നു (ചിരി),’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

ജിയോ ഹോട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ കാജോളും പൃഥ്വിക്കൊപ്പം ഉണ്ടായിരുന്നു. സര്‍സമീന്‍ സിനിമയില്‍ നായികയായി അഭിനയിച്ചത് കാജോളാണ്. ഈ അഭിമുഖത്തില്‍ ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍ ഏറെ വൈറലാണ്.

തനിക്ക് ഏതെങ്കിലുമൊരു മലയാളം വാക്ക് പഠിപ്പിച്ച് തരാമോയെന്ന കജോളിന്റെ ചോദ്യവും അതിന് പൃഥ്വി നല്‍കിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെട്ടത്. കജോളിനോട് തോള് ചെരിച്ച് മോഹന്‍ലാലിന്റെ ‘എന്താ മോനേ ദിനേശാ’ എന്ന ഐക്കോണിക് ഡയലോഗ് പറയിപ്പിക്കുകയാണ് പൃഥ്വി. കജോള്‍ മനോഹരമായി അത് പറയുകയും ചെയ്തു.

സര്‍സമീന്‍:

കജോള്‍, പൃഥ്വിരാജ് സുകുമാരന്‍, ഇബ്രാഹിം അലി ഖാന്‍ തുടങ്ങിയ മികച്ച താരനിരയെ ഒന്നിപ്പിച്ച് നവാഗതനായ കയേസ് ഇറാനി സംവിധാനം ചെയ്ത ചിത്രമാണ് സര്‍സമീന്‍. ജിയോ ഹോട്സ്റ്റാറിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കേണല്‍ വിജയ് മേനോന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി സര്‍സമീനില്‍ വേഷമിട്ടത്.


Content Highlight: Prithviraj Sukumaran Talks About A Traumatic Experience From Fan Girl