ആടുജീവിതത്തിന്റെ ട്രെയ്‌ലര്‍ ചോര്‍ന്നതല്ല, പ്രചരിക്കുന്നത് ഫെസ്റ്റിവെല്‍സിനായി നിര്‍മിച്ചത്; ട്രെയ്‌ലര്‍ പങ്കുവെച്ച് പൃഥ്വിരാജ്
Entertainment news
ആടുജീവിതത്തിന്റെ ട്രെയ്‌ലര്‍ ചോര്‍ന്നതല്ല, പ്രചരിക്കുന്നത് ഫെസ്റ്റിവെല്‍സിനായി നിര്‍മിച്ചത്; ട്രെയ്‌ലര്‍ പങ്കുവെച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th April 2023, 11:11 pm

ആടുജീവിതത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് നടന്‍ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ട്രെയ്‌ലര്‍ ചോര്‍ന്നു എന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് താരം തന്റെ പേജിലൂടെ വീഡിയോ പങ്കുവെച്ച് വിശദീകരണം നല്‍കിയത്.

ട്രെയ്‌ലര്‍ ചോര്‍ന്നതല്ല എന്നാണ് പൃഥ്വിരാജ് ട്രെയ്‌ലറിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. വിവിധ ഫെസ്റ്റിവെല്‍സിനായി  നിര്‍മിച്ച ട്രയ്‌ലറാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് സമര്‍പ്പിക്കുന്നുവെന്നുമാണ് പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നത്.

ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്ന ട്രെയ്‌ലര്‍ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

മരുഭൂമിയില്‍ പെട്ട് പോകുന്ന നജീം എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിന്റെ മികച്ച പ്രകടനമാണ് ട്രെയ്ലറിന്റെ പ്രധാന ആകര്‍ഷണം. ചിത്രത്തിന്റെ വിഷ്വലും പശ്ചാത്തല സംഗീതവുമൊക്കെ മികവുറ്റത്‌ തന്നെയാണ്. എന്തായാലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ട്രെയ്ലര്‍.

മലയാളത്തില്‍ ഏറ്റവും അധികം പതിപ്പുകള്‍ വിറ്റഴിഞ്ഞ നോവലാണ് ആടുജീവിതം. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ജനപ്രിയ നോവലിന്റെ സിനിമാവിഷ്‌കാരം സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആകംക്ഷയോടെ കാത്തിരിക്കുകയാണ്.

content highlight: prithviraj sukumaran shares aadujeevitham movie trailer