ധീരനായ പോരാളി : സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജര്‍ സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് പൃഥ്വിരാജും സല്‍മാന്‍ഖാനും മഹേഷ് ബാബുവും
Entertainment news
ധീരനായ പോരാളി : സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജര്‍ സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് പൃഥ്വിരാജും സല്‍മാന്‍ഖാനും മഹേഷ് ബാബുവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th April 2021, 8:01 pm

മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന മേജറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് ആണ് മലയാളം ടീസര്‍ പുറത്ത് വിട്ടത്.

നടന്മാരായ സല്‍മാന്‍ ഖാന്‍, മഹേഷ് ബാബു തുടങ്ങിയവരും അതാത് ഭാഷകളിലെ ടീസര്‍ പുറത്ത് വിട്ടു. സന്ദീപിന്റെ ജീവിതത്തിലെ സുപ്രധാന മേഖലകളിലൂടെയെല്ലാം ചിത്രം സഞ്ചരിക്കുന്നുണ്ടെന്നും ചിത്രമൊരു നല്ല അനുഭവം സമ്മാനിക്കുമെന്നും അദിവി ശേഷ് ഡൂള്‍ന്യൂസിനോട് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

2021 ജൂലൈ 2നാണ് മേജര്‍ റിലീസ് ചെയ്യുന്നത്. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായെത്തുന്ന ശോഭിത ധുലിപാലയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മുംബൈ 26/11 ആക്രമണം നടന്ന സമയത്ത് തീവ്രവാദികള്‍ ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള ഒരാളായാണ് ശോഭിത ചിത്രത്തിലെത്തുന്നത്.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Content Highlights: Prithviraj, Salman Khan and Mahesh Babu release the teaser of the major film about the life of Sandeep Unnikrishnan