എമ്പുരാന്‍ 2023 ല്‍ തുടങ്ങും, മുരളി ഗോപിയുമായി ചര്‍ച്ച ഉടന്‍: പൃഥ്വിരാജ്
Film News
എമ്പുരാന്‍ 2023 ല്‍ തുടങ്ങും, മുരളി ഗോപിയുമായി ചര്‍ച്ച ഉടന്‍: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th April 2022, 5:13 pm

സിനിമാപ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

എമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗ് 2023ല്‍ ആരംഭിക്കുമെന്നും, മുരളി ഗോപിയുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. ആക്ഷന്‍ ഓണ്‍ ഫ്രേംസ് എന്ന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ഞാന്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് എമ്പുരാനാണ്. 2023ന്റെ തുടക്കത്തില്‍ എമ്പുരാന്റെ ഷൂട്ട് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. ആടുജീവിതത്തിന്റെ അള്‍ജീരിയയിലുള്ള ഷൂട്ടിന് ശേഷം ജോര്‍ദാനിലേക്ക് പോകും.

Lucifer trailer out: Mohanlal-Prithviraj's political thriller looks  brilliant - Movies News

അവിടേക്ക് മുരളിയും വരുന്നുണ്ട്. അവിടെ ഇരുന്ന് എമ്പുരാന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ച് കഴിഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരു പ്ലാനുണ്ടാക്കി നാട്ടില്‍ തിരിച്ച് വരുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും പോലെ തന്നെ ഞാനും ഈ സിനിമയെ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്,” പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ജന ഗണ മന’ ഏപ്രില്‍ 28 ന് റിലീസിനൊരുങ്ങുകയാണ്.

ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Prithviraj said that the shooting of Empuran movie will start in 2023 and he will discuss with Murali Gopi again