നായകനോടും നിർമാതാവിനോടും തിരക്കഥ പറഞ്ഞ ശേഷമാണ് എമ്പുരാൻ ചെയ്തത്: പൃഥ്വിരാജ്
Kerala
നായകനോടും നിർമാതാവിനോടും തിരക്കഥ പറഞ്ഞ ശേഷമാണ് എമ്പുരാൻ ചെയ്തത്: പൃഥ്വിരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2025, 8:27 am

കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. നായകനോടും നിര്‍മാതാവിനോടും തിരക്കഥാ രൂപത്തില്‍ സിനിമയുടെ കഥ പറഞ്ഞ ശേഷമാണ് എമ്പുരാന്‍ ചെയ്തതെന്ന് പൃഥ്വിരാജ് പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ സംബന്ധിച്ച് സിനിമ പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കാനുള്ളതാണ്. അതില്‍ താന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അത് തന്റെ തോല്‍വിയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

താന്‍ ഒരിക്കലും രാഷ്ട്രീയം പറയാന്‍ സിനിമ ചെയ്യില്ല. അതിനുവേണ്ടി കോടികള്‍ മുടക്കി ഇത്രയും വലിയ സിനിമ ചെയ്യേണ്ട ആവശ്യമില്ല. ഇനി രാഷ്ട്രീയം പറയാനാണെങ്കില്‍ ഇന്നത്തെ കാലത്ത് സമൂഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ടാല്‍ മതിയെന്നും പൃഥ്വിരാജ് പറയുന്നു.

സോഷ്യല്‍ മീഡിയ ഇന്ന് ചിലരുടെ ആയുധമാണ്. രാഷ്ട്രീയത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ നമ്മളൊരു അഭിപ്രായം പറഞ്ഞാല്‍, നമ്മളെ വില്ലനാക്കുന്ന ഒരു സംഘമുണ്ടാകും. അതുപോലെ തന്നെ അപകടകരമാണ് നമ്മളെ നായകനാക്കുന്ന സംഘവും. ഇതിന് രണ്ടിനും വേണ്ടിയായിരിക്കില്ല നമ്മള്‍ അഭിപ്രായം പറയുന്നതെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

നമ്മള്‍ വ്യക്തിപരമായ അഭിപ്രായമായിരിക്കാം പറയുന്നത്. എന്നാല്‍ പിന്നീട് അത് മറ്റുള്ളവര്‍ ഒരു ആയുധമാക്കുകയാണ് ചെയ്യുന്നത്. ആ അഭിപ്രായത്തെ പല രീതിയില്‍ വ്യാഖ്യാനിച്ച് നമ്മള്‍ പോലും ചിന്തിക്കാത്ത തരത്തിലേക്ക് എത്തിക്കുന്ന അവസ്ഥയാണുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്ന് തീരുമാനിക്കുന്നതില്‍ തനിക്ക് തെറ്റ് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ തന്നെ വ്യക്തിപരമായി ബാധിക്കണമെങ്കില്‍ സിനിമയിലൂടെ മനപൂര്‍വം രാഷ്ട്രീയം പറയാന്‍ ശ്രമിച്ചുവെന്ന ബോധ്യം തനിക്കുണ്ടാകണം. സത്യമാണ് പറയുന്നതെങ്കില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

സെലിബ്രിറ്റി തലത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിക്ക് ഒരബന്ധം സംഭവിച്ചാല്‍, അത് ആഘോഷമാക്കുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയുള്ളവരുമുണ്ട്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതില്‍ പങ്കാളികളാണ്. ഇത്തരം ചില കാരണങ്ങളാല്‍ അസ്വസ്ഥരായ ചില വ്യക്തികള്‍ തന്റെ ഫീല്‍ഡിലുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

കരഞ്ഞുകൊണ്ട് പലരും ഇത്തരം കാര്യങ്ങളെ കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഒരു പോസ്റ്റിട്ടതിന്റെ പേരില്‍ പുറകെനടന്ന് അക്രമിക്കുന്നവര്‍ക്ക് അറിയാം അവര്‍ ചെയ്യുന്നത് തെറ്റാണെന്നും പൃഥ്വിരാജ് പ്രതികരിച്ചു.

Content Highlight: Prithviraj’s first response to the controversies related to the movie Empuraan