ബ്ലെസി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന അധ്വാനത്തിന്റെ ഫലമായിരുന്നു ആടുജീവിതം എന്ന ചിത്രം. മലയാളികളില്‍ ഭൂരിഭാഗം ആളുകളും വായിച്ച നോവലിന്റെ ചലച്ചിത്രഭാഷ്യം മലയാളത്തിലെ ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളിലൊന്നായി മാറി. ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ആടൂജീവിതം തിയേറ്ററുകളിലെത്തിയത്.
2023ല്‍ സെന്‍സറിങ് പൂര്‍ത്തിയായ ചിത്രം കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ ഒമ്പത് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. പകരം വെക്കാനില്ലാത്ത പ്രകടനം കാഴ്ചവെച്ച പൃഥ്വിരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആടുജീവിതത്തിനെ ദേശീയ അവാര്‍ഡ് ജൂറി പാടെ അവഗണിക്കുകയായിരുന്നു. ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാനെയാണ് ജൂറി മികച്ച നടനായി തെരഞ്ഞെടുത്തത്.
ഒരു വിഭാഗത്തില്‍ പോലും ആടുജീവിതത്തെ പരിഗണിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ അവാര്‍ഡിനെക്കുറിച്ച് പൃഥ്വിരാജ് കഴിഞ്ഞദിവസം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഷാര്‍ജയില്‍ നടന്ന ഓണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അവാര്‍ഡിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ പരാമര്‍ശം.
‘നമ്മളിപ്പോള്‍ സിനിമയെടുക്കുന്നത് ജൂറിയെന്ന പേരിലുള്ള പത്ത് പേര് കണ്ട് മാര്‍ക്കിടാനോ മറ്റോ ആകില്ല. അവാര്‍ഡില്‍ ഇത്തരം ജൂറികള്‍ സിനിമയെ പരിഗണിക്കുന്നതും, ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ആ സിനിമ പ്രദര്‍ശിപ്പിക്കുന്നതും ഷോകേസ് ചെയ്യപ്പെടുന്നതും നല്ല കാര്യമാണ്. അതൊക്കെ കൂടുതല്‍ റീച്ച് കിട്ടാന്‍ സഹായിക്കുന്നതാണ്.
പക്ഷേ, അള്‍ട്ടിമേറ്റ്‌ലി സിനിമയെടുക്കുന്നത് നിങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. തിയേറ്ററില്‍ നിങ്ങള്‍ പോയി ആ സിനിമ കണ്ട് ആസ്വദിക്കാന്‍ വേണ്ടിയാണ്. നിങ്ങള്‍ ഈ സിനിമക്ക് ഏറ്റവും വലിയ അവാര്‍ഡ് തന്നുകഴിഞ്ഞു. അതിന് എല്ലാ പ്രേക്ഷകരോടും വലിയൊരു നന്ദി അറിയിക്കുകയാണ്. ഇത് എനിക്ക് വളരെ സ്‌പെഷ്യലായിട്ടുള്ള ഒരു സിനിമയാണ്,’ പൃഥ്വിരാജ് പറയുന്നു.
കരിയറിലെ മൂന്നാമത്തെ സംസ്ഥാന പുരസ്‌കാരമായിരുന്നു ആടുജീവിതത്തിലൂടെ പൃഥ്വിരാജ് സ്വന്തമാക്കിയത്. മരുഭൂമിയില്‍ പെട്ടുപോകുന്ന നജീബിന്റെ മാനസികാവസ്ഥകളെ പകരം വെക്കാനില്ലാത്ത വിധം പൃഥ്വിരാജ് പകര്‍ന്നാടി. കഥാപാത്രത്തിനായി പൃഥ്വിരാജ് തന്റെ ശരീരഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ പുതിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Content Highlight: Prithviraj’s comment about Aadujeevitham didn’t get National Awards