അഭിനയം, സംവിധാനം, നിർമാണം തുടങ്ങി വിവിധ മേഖലകളിൽ ഒരുപോലെ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജായിരുന്നു പ്രധാന കഥാപാത്രം. പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തിയ ചിത്രം ത്രില്ലർ ഴോണറിൽ ഉൾപ്പെടുത്താൻ പറ്റുന്ന സിനിമയാണ്.
ചിത്രത്തിൽ പൃഥ്വിരാജിന്റെ അനിയനായി എത്തിയത് നടൻ രാഹുൽ മാധവ് ആയിരുന്നു. ആ സിനിമയിലേക്ക് രാഹുലിനെ റെക്കമെൻഡ് ചെയ്തത് പൃഥ്വിരാജാണ്. ഇപ്പോൾ എമ്പുരാനിലും ലൂസിഫറിലും കാസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പൃഥ്വിരാജിനോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് രാഹുൽ മാധവ്.
‘മെമ്മറീസിൽ എന്നെ റെക്കമെൻഡ് ചെയ്തത് രാജുവാണ്. എമ്പുരാനിലും ലൂസിഫറിലും എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്യാത്തത് എന്ന് ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല. അത്തരം കഥാപാത്രം ഉണ്ടെങ്കിൽ ഉറപ്പായിട്ടും വിളിക്കും. ഒരു കഥാപാത്രത്തെ എവിടെ പ്ലേസ് ചെയ്യണമെന്ന് രാജുവിന് നന്നായിട്ട് അറിയാം,’ രാഹുൽ മാധവ് പറയുന്നു.
എന്നാൽ താൻ പൃഥ്വിരാജിനോട് ഒരു കാര്യം പറഞ്ഞിട്ടുണ്ടെന്നും അത് ക്യാമറക്ക് പിന്നിൽ വർക്ക് ചെയ്യാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിൽ ക്യാമറയുടെ മുമ്പിൽ വർക്ക് ചെയ്യുമ്പോൾ പുറകിൽ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ നോട്ടീസ് ചെയ്യാൻ വിട്ടുപോകുന്നുണ്ടെന്നും രാഹുൽ മാധവ് പറഞ്ഞു.
ക്യാമറയുടെ പിന്നിൽ എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആഗ്രഹമുണ്ടെന്നും സിനിമയുടെ ടെക്‌നിക്കൽ കാര്യങ്ങൾ പൃഥ്വിരാജിന് അറിയുന്നത് കൊണ്ട് താനിക്കാര്യം പറഞ്ഞിട്ടുണ്ടെന്നും രാഹുൽ പറയുന്നു.
ഇത്തരം കാര്യങ്ങൾ പൃഥ്വിരാജിനോട് പറയാനുള്ള സ്പേസ് തനിക്കുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.