വൈശാഖ് സംവിധാനം ചെയ്ത ഖലീഫ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജ് നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഗ്യാങ് വാറുമാണ് ചിത്രത്തിന്റെ കഥ. കണ്ടുമടുത്ത ക്ലീഷേ കഥയാണ് ഖലീഫക്ക് വില്ലനായത്. മോശം കഥയുടെ തരക്കേടില്ലാത്ത അവതരണമാണ് ചിത്രത്തിന്റെ കഥ.
മലയാളത്തിന്റെ മോഹന്‍ലാല്‍ ഖലീഫയില്‍ അതിഥിവേഷം ചെയ്തിട്ടുണ്ട്. റിലീസിന് മുമ്പ് ചിത്രത്തിന്റെ ഹൈപ്പുയര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് ഈ കാമിയോയായിരുന്നു. എന്നാല്‍ സമീപകാലത്ത് മോളിവുഡില്‍ സൂപ്പര്‍താരങ്ങളെ കാമിയോ എന്ന പേരില്‍ കൊണ്ടുവന്ന് പ്രേക്ഷകരെ പറ്റിക്കുന്ന ഏര്‍പ്പാട് സ്ഥിരമാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. ഖലീഫയിലേത് അത്തരത്തിലൊന്നാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
ഖലീഫയില്‍ മോഹന്‍ലാലിനെ കൊണ്ടുവന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്തും ഷൂട്ട് ആരംഭിച്ചപ്പോഴും മോഹന്‍ലാല്‍ ഖലീഫയുടെ ഭാഗമായിരുന്നില്ലെന്ന് പൃഥ്വി പറഞ്ഞു. ആമിര്‍ അലി എന്ന കഥാപാത്രത്തെക്കുറിച്ച് മാത്രമാണ് സ്‌ക്രിപ്റ്റിലുണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘2022ല്‍ ഈ സിനിമയുടെ കഥ പറയുമ്പോള്‍ അതില്‍ അഹമ്മദ് അലി എന്ന കഥാപാത്രം ഉണ്ടായിരുന്നു. പിന്നീട് ഈ സെക്കന്‍ഡ് പാര്‍ട്ട് പരിപാടി ഒരു സ്‌കാമായിത്തുടങ്ങി എന്ന് പൊതു അഭിപ്രായം വന്നപ്പോള്‍ അത് നമ്മള്‍ക്ക് വേണ്ട എന്ന തീരുമാനത്തിലെത്തി. അവിടവിടായി മെന്‍ഷന്‍ ചെയ്തുപോയാല്‍ മതി എന്ന് വിചാരിച്ചു. പക്ഷേ സ്‌ക്രിപ്റ്റ് മുഴുവന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ പാസ്റ്റിലെ ഈ കഥാപാത്രത്തിന്റെ ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ പ്രധാന ഭാഗത്ത് പറയുന്നുണ്ട്.
ഈ കഥാപാത്രത്തെക്കുറിച്ച് ഒന്നുരണ്ട് ആളുകള്‍ സംസാരിക്കുന്നത് ഓര്‍ഗാനിക്കായി വന്നുപോകുന്നുണ്ട്. അപ്പോഴും ഞങ്ങള്‍ ടെംപ്റ്റഡായി നില്‍ക്കുന്നുണ്ടെങ്കിലും അത് വേണ്ടെന്ന സ്റ്റാന്‍ഡായിരുന്നു. ലണ്ടനില്‍ ഫസ്റ്റ് ഷെഡ്യൂളിന്റെ ഷൂട്ട് കഴിഞ്ഞ് വിഷ്വലുകള്‍ നോക്കിയപ്പോള്‍ തീരുമാനം മാറ്റി. കാമിയോയുടെ പേര് പറഞ്ഞ് കുറച്ചുപേര്‍ പറ്റിച്ചതുകൊണ്ട് ഞങ്ങള്‍ അത് ചെയ്യാതിരിക്കണ്ട എന്ന തീരുമാനത്തിലേത്തി. ആ കഥാപാത്രത്തെ ഈ സിനിമയില്‍ ആങ്കര്‍ ചെയ്യാമെന്ന ചിന്തയിലാണ് ലാല്‍ സാറിനെ വിളിച്ചത്,’ പൃഥ്വിരാജ് പറയുന്നു.
മോഹന്‍ലാലിനെ വിളിച്ചയുടനെ കഥാപാത്രത്തെക്കുറിച്ച് വിവരിച്ചെന്നും താരം പറഞ്ഞു. അച്ഛനായി അഭിനയിച്ചെന്നും ഇനി അപ്പൂപ്പനായി അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ സമ്മതിച്ചെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. സിനിമ കാണുന്നവര്‍ക്ക് മോഹന്‍ലാലിന്റെ കഥാപാത്രം വെറുതെ പേരിനുള്ള കാമിയോ അല്ലെന്ന് മനസിലാകുമെന്നും താരം പറയുന്നു.
Content Highlight: Prithviraj about Mohanlal’s cameo in Khalifa movie