ജനപ്രിയനായകന്‍ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന ദിലീപിന്റെ 150ാമത് ചിത്രമായാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി ഒരുങ്ങിയത്. ഇത്രയും കാലം സ്‌നേഹിച്ച കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി 150ാമത് ചിത്രമായി ഒരു ഫാമിലി സിനിമ സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റുന്ന പ്രിന്‍സ് എന്ന വ്യക്തിയെ കാണിച്ചുകൊണ്ടാണ് സിനിമ ആദ്യപകുതി സഞ്ചരിക്കുന്നത്.
ജോലിക്ക് പോകാതെ സഹോദരന്റെ ചെലവില്‍ ജീവിച്ച് കല്യാണത്തിനും ഭാര്യയുടെ പ്രസവത്തിനും ജ്യേഷ്ഠനെക്കൊണ്ട് ചെലവുകള്‍ നോക്കിക്കുന്ന സഹോദരന്മാര്‍ ഇന്നത്തെ കാലത്ത് ഉണ്ടാകുമോ എന്ന് തോന്നിപ്പോകും. എന്നാല്‍ അതിനെയൊന്നും ചോദ്യം ചെയ്യാത്ത രക്ഷിതാക്കളെ കാണുമ്പോള്‍ കഥ മറ്റേതോ പാരലല്‍ യൂണിവേഴ്‌സില്‍ നടക്കുന്ന ഒന്നാണെന്ന് നമ്മള്‍ സ്വയം ചിന്തിക്കണം.
പ്രിന്‍സ്, ജിന്‍സ്, ഷിന്‍സ് എന്നീ സഹോദരന്മാരെയും അവരുടെ കുടുംബത്തെയുമാണ് സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്നത്. അനിയന്മാരുടെ കല്യാണം കഴിഞ്ഞിട്ടും കല്യാണമൊന്നും സെറ്റാകാതെ ചേട്ടനായ പ്രിന്‍സിനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. തന്റെ സങ്കല്പത്തിലുള്ള പങ്കാളിയെ കണ്ടെത്താനാകാത്ത പ്രിന്‍സിന്റെ പ്രായം സിനിമയില്‍ സൂചിപ്പിക്കുന്നതേയില്ല.
ഒടുവില്‍ 24 വയസുള്ള പെണ്‍കുട്ടിയുമായി പ്രിന്‍സിന്റെ കല്യാണം നടക്കുന്നിടത്താണ് ആദ്യപകുതി അവസാനിക്കുന്നത്. സാധാരണ സിനിമകളില്‍ ദിലീപിന്റെ കോമാളിത്തരമാണ് സഹിക്കാന്‍ പറ്റാത്തതായി തോന്നുന്നതെങ്കില്‍ ഈ സിനിമയില്‍ നായികയുടെ കോമാളിത്തരങ്ങളാണ് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നത്. ആ കഥാപാത്രം അങ്ങനെയുള്ള ഒരാളാണെന്ന് പറഞ്ഞാല്‍ പോലും അതിനെ സാധൂകരിക്കുന്ന ഒന്നും പ്രേക്ഷകരിലേക്കെത്തിക്കാന്‍ എഴുത്തുകാരന് സാധിച്ചിട്ടില്ല.
നായകനും നായികയും ഒരുമിച്ചുള്ള രംഗങ്ങളില്‍ ഒരു കെമിസ്ട്രി പോലും തോന്നിയിരുന്നില്ല. നല്ല പ്രായവ്യത്യാസം തോന്നുന്നുണ്ടായിരുന്നു. മലയാളസിനിമ മാറിയത് തിരിച്ചറഞ്ഞ് തന്റെ പ്രായത്തിന് ചേരുന്ന നായികമാരെ തെരഞ്ഞെടുക്കാന്‍ ദിലീപിന് എന്നാണ് തോന്നുക എന്നായിരുന്നു ഇവരുടെ റൊമാന്റിക് സീനുകള്‍ കണ്ടപ്പോള്‍ മനസില്‍ ചിന്തിച്ചത്.
ഒടുവില്‍ മലയാളസിനിമ പുറംകാല് കൊണ്ട് തൊഴിച്ച് കളഞ്ഞ പഴയകാല ആചാരം കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. നായകന്‍ വലിയവനാണെന്നും അയാള്‍ തെറ്റെന്നും ചെയ്തിട്ടില്ലെന്നും തിരിച്ചറിഞ്ഞ് നായകനൊപ്പം ചേരുന്ന നായികയെ കാണുമ്പോള്‍ ക്രിഞ്ച് എന്ന വാക്കിന് പകരം വല്ലതും ഉണ്ടോ എന്ന് അന്വേഷിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.
അതിലും സഹിക്കാന്‍ പറ്റാതെ പോയത് ദിലീപ് ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെ വെളുപ്പിച്ചെടുക്കാന്‍ പറയുന്ന ചില ഡയലോഗുകളായിരുന്നു. ‘കേരളത്തില്‍ ആര്‍ക്കും സത്യം അറിയണ്ട, ആദ്യം കേള്‍ക്കുന്നതാണ് സത്യം. ദൈവം തമ്പുരാന്‍ ഇറങ്ങിവന്ന് സാക്ഷി പറഞ്ഞാലും ആരും വിലക്കെടുക്കില്ല’ എന്ന് ദിലീപിനെ ഇരുത്തിക്കൊണ്ട് ജോണി ആന്റണി പറയുന്ന ഡയലോഗൊക്കെ കേള്‍ക്കുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കാതെ വയ്യ.
അഭിനേതാക്കളുടെ പ്രകടനത്തെപ്പറ്റി പറയുമ്പോള്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ജോണി ആന്റണി തുടങ്ങിയ ആര്‍ട്ടിസ്റ്റുകള്‍ അവരുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. ആദ്യപകുതിയില്‍ ചിലയിടത്ത് വരുന്ന ഇമോഷണല്‍ സീനുകളില്‍ ദിലീപ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റ് സീനുകളില്‍ സ്ഥിരം കോമാളിത്തരം കാണിച്ച് പഴയ ട്രാക്കിലേക്ക് പോയിട്ടുണ്ട്. രെണദിവിന്റെ ഛായാഗ്രഹണം, സനല്‍ ദേവിന്റെ സംഗീതം എന്നിവ മികച്ചതായി അനുഭവപ്പെട്ടു.
എന്നിരുന്നാല്‍ പോലും ഞങ്ങള്‍ സന്തുഷ്ടരാണ്, കളിവീട് പോലുള്ള പഴയകാല ജയറാം സിനിമകളുടെ കഥയെ പുതിയ കാലത്ത് പോളിഷ് ചെയ്ത് അവതരിപ്പിക്കാന്‍ എഴുത്തുകാരന്‍ ഷാരിസ് മുഹമ്മദ് കാണിച്ച ധൈര്യത്തെ സമ്മതിക്കാതെ വയ്യ. സംവിധായകനായ ബിന്റോ സ്റ്റീഫന്‍ ഇത്തരമൊരു കഥയെ തന്നാലാകും വിധം നന്നാക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഫലമില്ലാതായതുപോലെ തോന്നി. മാറുന്ന മലയാളസിനിമയുടെ കാലത്ത് മാറ്റമില്ലാത്ത കഥയുമായി വന്ന ചിത്രമായി പ്രിന്‍സ് ആന്‍ഡ് ഫാമിലി മാറി.