പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം; ഒരുക്കങ്ങൾക്കിടെ സംഘർഷം
India
പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം; ഒരുക്കങ്ങൾക്കിടെ സംഘർഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th September 2025, 9:56 am

മണിപ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾക്കിടെ നാട്ടുകാരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടൽ.

സന്ദർശനത്തിനു മുന്നോടിയായി ഒരുക്കിയ അലങ്കാരങ്ങൾ ഒരു കൂട്ടം ആളുകൾ തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്.

റോഡിന്റെ ഇരുവശങ്ങളിലും തോരണങ്ങളും ഫ്രെയിമുകളും കൊണ്ട് അലങ്കരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഒരു കൂട്ടം ആളുകൾ ഫ്രെയിമുകൾ വലിച്ചു കീറുകയും തീയിടുകയും ചെയ്‌തെന്നാണ് ആരോപണം.

ഇന്നലെ രാത്രിയോടെ ഉണ്ടായ അക്രമം ഏറെ വൈകിയാണ് അവസാനിപ്പിച്ചെതെന്നും നാശനഷ്ടങ്ങൾ കുറവാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

2023 മെയ് മാസത്തിൽ മണിപ്പൂർ സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.

ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

സന്ദർശനത്തിന് മുന്നോടിയായി ചുരാചാന്ദ്പൂർ പട്ടണത്തിൽ ചില സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

ചില സംഘടനകൾ അംഗങ്ങളോട് മോദിയുടെ സന്ദർശന ദിവസം കറുത്ത വസ്ത്രം ധരിക്കണമെന്ന് നിർദേശിച്ചിരുന്നു. വിദ്യാർത്ഥി സംഘടനകൾ വേദിക്ക് പുറത്തു ഒഴിഞ്ഞ ശവപ്പെട്ടികൾ വെച്ച് പ്രതിഷേധിക്കാനും തയ്യാറെടുത്തിരുന്നു.

ഇതിനിടയിൽ സി.ആർ.പി.എഫ് ഐ.ജി ഹബീബ് .കെ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ചുരാചന്ദ്പൂർ ആസ്ഥാനമായ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായി ചർച്ച നടത്തി. ശവപ്പെട്ടികൾ നീക്കം ചെയ്യാനും കറുത്ത വസ്ത്രം ധരിക്കാനുള്ള പദ്ധതികൾ പിൻവലിക്കാനും വിദ്യാർത്ഥി സംഘടനകളോട് ആവശ്യപ്പെട്ടു.

2023 മെയ് മുതൽ ആരംഭിച്ച കുക്കി- മെയ്തി സംഘർഷങ്ങളിൽ 260 പേർ കൊല്ലപ്പെടുകയും 59,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Prime Minister’s visit to Manipur; Clashes break out during preparations