ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പ്രതികരണത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ത്രിപുര, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തെരഞ്ഞെടുത്ത വോട്ടര്‍മാര്‍ക്ക് മോദി നന്ദി പറഞ്ഞു.
‘ത്രിപുരയിലെ ഇടത്-കോണ്‍ഗ്രസ് സഖ്യം കേരളത്തിലെ ജനം കാണുന്നുണ്ട്. ഒരിടത്ത് ഗുസ്തിയും മറ്റൊരിടത്ത് സുഹൃത്തുക്കളുമാണ്.
ദല്‍ഹിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുകയാണ്.
നാഗാലാന്‍ഡിലെയും മേഘാലയയിലേയും ത്രിപുരയിലേയും പോലെ ബി.ജെ.പി കേരളത്തിലും സര്‍ക്കാരുണ്ടാക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയെ ഭയക്കുന്നില്ല. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബി.ജെ.പിക്കൊപ്പം നിന്നു,’ മോദി പറഞ്ഞു.
വിജയാഘോഷത്തിന്റെ ഭാഗമായി മൊബൈല്‍ ടോര്‍ച്ച് തെളിയിക്കാന്‍ ആഹ്വാനം ചെയ്ത മോദി, ഇന്നത്തെ വിജയം ജനാധിപത്യത്തിലുള്ള വിശ്വാസം തെളിയിക്കുന്നതാണെന്നും പറഞ്ഞു. ത്രിപുരയിലും നാഗാലാന്‍ഡിലും മികച്ച ഭരണമാണ് വിജയത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ത്രിപുരയിലും നാഗാലാന്‍ഡിലുമാണ് ബി.ജെ.പി ഭരണം ഉറപ്പിച്ചത്. മേഘാലയയില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച കോണ്‍റാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി) യാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഒറ്റകക്ഷി.
60 നിയമസഭാ മണ്ഡലമുള്ള മേഘാലയയില്‍ 31 സീറ്റ് വേണം ആര്‍ക്കെങ്കിലും അധികാരത്തിലെത്താന്‍. എന്‍.പി.പിക്ക് 25 ഉം ബി.ജെ.പിയുടെ മൂന്ന് സീറ്റും ഉള്‍പ്പെടെ സഖ്യമുണ്ടാക്കിയാലും 28 സീറ്റിലെത്താനെ കഴിയുകയുള്ളു.