സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയ പതാകയാക്കിമാറ്റി പ്രധാനമന്ത്രി
national news
സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയ പതാകയാക്കിമാറ്റി പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 11:58 am

ന്യൂദല്‍ഹി: ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ തന്റെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയ പതാകയാക്കിമാറ്റി
പ്രധാനമന്ത്രി നരേന്ദ്ര മോദി. 75ാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ‘ഹര്‍ ഖര്‍ തിരംഗ’ പദ്ധതിയുടെ ഭാഗമായാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയ പതാകയാക്കി മോദി മാറ്റിയത്.

പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയെ അദ്ദേഹത്തിന്റെ ജന്മ ദിനമായ ആഗസ്റ്റ് രണ്ടിന് മോദി ആദരിച്ചു.

‘മഹാനായ പിംഗളി വെങ്കയ്യയുടെ ജന്മവാര്‍ഷികത്തില്‍ ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു. നമ്മുടെ അഭിമാനമായ ത്രിവര്‍ണ്ണ പതാക നമുക്ക് സമ്മാനിക്കുന്നതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ക്ക് എന്നന്നേക്കും നമ്മുടെ രാഷ്ട്രം അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് ശക്തിയും പ്രചോദനവും ഉള്‍ക്കൊണ്ട് നമുക്ക് ദേശീയ പുരോഗതിക്കായി പ്രവര്‍ത്തിക്കാം,’ മോദി ട്വീറ്റ് ചെയ്തു.

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ‘ഹര്‍ ഖര്‍ തിരംഗ’ പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്ന് മോദി ഞായറാഴ്ച പറഞ്ഞിരുന്നു. ആഗസ്റ്റ് രണ്ടിനും 15 നുമിടയില്‍ സാമൂഹ്യമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ്ണ പതാകയുടേതാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെങ്കയ്യയുടെ ജന്മദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ പതാകയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.

പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നായിരുന്നു പലരുടേയും പ്രതികരണം.