പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഈനാംപേച്ചിയും മരപ്പട്ടിയും പോലെ; ഇത്രയും നല്ല കൂട്ട് മോദിക്ക് യോഗിയോട് പോലുമില്ല: കെ. മുരളീധരന്‍
Kerala News
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഈനാംപേച്ചിയും മരപ്പട്ടിയും പോലെ; ഇത്രയും നല്ല കൂട്ട് മോദിക്ക് യോഗിയോട് പോലുമില്ല: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2025, 11:24 am

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തില്‍ പ്രതിപക്ഷത്തെ തഴഞ്ഞെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിണറായി വിജയന്‍ നല്ല മാച്ചാണെന്നും അവര്‍ ഇനാംപേച്ചിയും മരപ്പട്ടിയേയും പോലെയാണെന്നും കെ. മുരളീധരന്‍ പരിഹസിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്രയും നല്ല മാച്ച് പ്രധാനമന്ത്രിക്ക് കിട്ടിയിട്ടില്ലെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി, കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ക്ക് പുറമെ പ്രാദേശിക എം.പിക്കും എം.എല്‍.എക്കും വേദിയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. തന്റെ ഗവണ്‍മെന്റ് വന്നില്ലായിരുന്നെങ്കില്‍ പരശുരാമന്‍ വീണ്ടും മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കേണ്ടി വരുമായിരുന്നെന്ന് മുഖ്യമന്ത്രിക്ക് പ്രസംഗിക്കാനും അതുപോലെ പ്രധാനമന്ത്രിക്ക് താന്‍ ഇല്ലായിരുന്നെങ്കിന്‍ ഇന്ത്യ ഭൂഖണ്ഡം ഇല്ലാതായി പോകുമെന്ന് പ്രസംഗിക്കാനുമുള്ള ജല്‍പ്പനങ്ങള്‍ മാത്രമെ ഉദ്ഘാടന വേദിയില്‍ ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗി ആദിത്യനാഥ് പോലും പ്രധാനമന്ത്രിക്ക് ഇത്രയും മാച്ച് അല്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇതുകൊണ്ടെന്നും ഈ രണ്ട് പേര്‍ക്കും പദ്ധതിയുടെ ക്രെഡിറ്റ് കിട്ടാന്‍ പോകുന്നില്ലെന്നും ഇതിനെല്ലാം ഉള്ള തിരിച്ചടി അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അല്‍പ്പ സമയത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.

ഇതിനായി പ്രധാനമന്ത്രി ഇന്നലെ (വ്യാഴാഴ്ച്ച) കേരളത്തില്‍ എത്തിയിരുന്നു. വിഴിഞ്ഞത്തെത്തുന്ന എം.എസ്.സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ പ്രധാനമന്ത്രി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കാളികളാവും.

Content Highlight: Prime Minister and Chief Minister are like eenampechi and marappatty; Modi does not have such good friendship even with Yogi: K. Muraleedharan