തിയേറ്ററുകളില്‍ അപ്രതീക്ഷിത വിജയം നേടി മുന്നേറുകയാണ് തമിഴ് ചിത്രം ബ്ലാസ്റ്റ്. നവാഗതനായ സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറിന് മികച്ച വരവേല്പാണ് ലഭിക്കുന്നത്. അടുത്തകാലത്ത് വന്നതില്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമെന്ന വിശേഷണം ലഭിച്ച ബ്ലാസ്റ്റ് ബോക്‌സ് ഓഫീസില്‍ ഇനിയും മുന്നേറുമെന്ന് ഉറപ്പാണ്.

ആക്ഷന്‍ കിങ് അര്‍ജുന്‍ നായകനായെത്തിയ ചിത്രത്തില്‍ പ്രീതി മുകുന്ദനും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കരാട്ടെ മാസ്റ്ററായ രാമരാജന്‍ എന്ന കഥാപാത്രമായി അര്‍ജുന്‍ വേഷമിട്ടപ്പോള്‍ മകളായ നില എന്ന കഥാപാത്രത്തെയാണ് പ്രീതി അവതരിപ്പിച്ചത്. കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ബ്ലാസ്റ്റിലൂടെ പ്രീതിക്ക് ലഭിച്ചതെന്ന് സംശയമില്ലാതെ പറയാം. ആക്ഷന്‍ സീനുകള്‍ വളരെ കണ്‍വിന്‍സിങ്ങായാണ് പ്രീതി ചെയ്തുഫലിപ്പിച്ചത്.

പ്രീതി മുകുന്ദന്‍ Photo: Screen grab/ Think Music India

തമിഴ്‌നാട് സ്വദേശിയായ പ്രീതി തെലുങ്കിലൂടെയാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. 2024ല്‍ പുറത്തിറങ്ങിയ സ്റ്റാറിലൂടെ ശ്രദ്ധ നേടിയ താരത്തിന് കരിയറില്‍ ലഭിച്ചതെല്ലാം ഒരേ തരത്തിലുള്ള റോളുകളായിരുന്നു. ഗ്ലാമര്‍ റോള്‍ അല്ലെങ്കില്‍ നായകന് പ്രണയിക്കാനുള്ള നായിക എന്ന ടെംപ്ലേറ്റിലായിരുന്നു പ്രീതിയുടെ കരിയര്‍. കണ്ണപ്പയിലെ നായികാ വേഷത്തിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് ലഭിക്കുമെന്ന് കരുതിയെങ്കിലും ചിത്രം വന്‍ പരാജയമായത് പ്രീതിക്ക് തിരിച്ചടിയായി മാറി.

ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയിലൂടെ മലയാളത്തിലും താരം തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ‘ജാലക്കാരി’ എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത്തരം റൊമാന്റിക് റോളില്‍ നിന്ന് ആക്ഷന്‍ റോളിലേക്കുള്ള പ്രീതിയുടെ ചുവടുമാറ്റമാണ് ബ്ലാസ്റ്റില്‍.

പ്രീതി മുകുന്ദന്‍ Photo: Screen grab/ Think Music India

ഓരോ ആക്ഷന്‍ സീനിനും താരം നല്‍കിയ ഡെഡിക്കേഷന്‍ എടുത്തുപറയേണ്ട ഒന്നാണ്. മാര്‍ഷ്യല്‍ ആര്‍ട്‌സിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രത്തിലെ ഓരോ ആക്ഷന്‍ സീനും ഒരുക്കിയത്. കരാട്ടെ ഫൈറ്റുകള്‍ അങ്ങേയറ്റം പെര്‍ഫക്ഷനോടെയാണ് പ്രീതി അവതരിപ്പിച്ചത്. ഒരൊറ്റ ചിത്രം കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രീതി മുകുന്ദന്‍ ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്.

ലോകഃ ചാപ്റ്റര്‍ വണ്ണിലൂടെ കല്യാണി പ്രിയദര്‍ശന്‍ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയതുപോലെ പ്രീതിയും ശ്രദ്ധ നേടിയേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നായികാപ്രാധാന്യമുള്ള ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാന്‍ വിരലിലെണ്ണാവുന്ന താരങ്ങളേ ഇന്ത്യന്‍ സിനിമയിലുള്ളൂ. ലോകഃക്ക് ശേഷം രണ്‍വീര്‍ സിങ്ങിന്റെ ചിത്രത്തില്‍ കല്യാണി നായികയായതുപോലെ വരുംകാലങ്ങളില്‍ പ്രീതിയെ തേടിയും മികച്ച പ്രൊജക്ടുകള്‍ വരുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Priety Mukundan’s character in Blast movie getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ