ജി.എസ്.ടി പരിഷ്‌കരണം; മില്‍മ ഉത്പന്നങ്ങളുടെ വില കുറയും, പുതുക്കിയ നിരക്കിങ്ങനെ
Kerala
ജി.എസ്.ടി പരിഷ്‌കരണം; മില്‍മ ഉത്പന്നങ്ങളുടെ വില കുറയും, പുതുക്കിയ നിരക്കിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 8:19 am

തിരുവനന്തപുരം: ജി.എസ്.ടി പരിഷ്‌കരണത്തിന് പിന്നാലെ മില്‍മ പാലുത്പന്നങ്ങളുടെ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് സംഭവിക്കുക. പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്ന ഇന്ന് മുതല്‍ പുതിയ നിരക്കും നിലവിൽ വരും.

നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവാണുണ്ടാകുക. നെയ്യ് ലിറ്ററിന് 45രൂപ കുറയും. നിലവില്‍ 720 രൂപയാണ് വില. ഇത് 675 രൂപയായി കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണയ്ക്ക് 15 രൂപ കുറയും. 225 രൂപയായിരിക്കും പുതുക്കിയ വില. 500 ഗ്രാം പനീറിന്റെ പുതുക്കിയ വില 234 രൂപയാകും. മുമ്പത് 245 രൂപയായിരുന്നു.

എന്നാല്‍ ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവുണ്ടാകും. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയില്‍ നിന്നും 196 രൂപയായി കുറയും. പുതുക്കിയ നിരക്കുകള്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു.

അതേസമയം, ജി.എസ്.ടി നിരക്കുകള്‍ കുറച്ചത് നല്ല കാര്യമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍ ജി.എസ്.ടിയെക്കുറിച്ച് പഠിക്കാതെയാണ് പരിഷ്‌കരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നികുതി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടണമെന്നും അത് ലഭിക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി പരിഷ്‌കരണം സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്ന നഷ്ടം വലുതാണെന്നും എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തതയില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ന് മുതല്‍ ജി.എസ്.ടി പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നാല് ജി.എസ്.ടി നികുതി സ്ലാബുകള്‍ അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി കുറയ്ക്കുകയാണ് ജി.എസ്.ടി കൗണ്‍സില്‍ ചെയ്തത്.

ഗാര്‍ഹിക അവശ്യവസ്തുക്കള്‍, മരുന്നുകള്‍, ചെറിയ കാറുകള്‍, ടൂത്ത് പേസ്റ്റ്, സിമന്റ് എന്നിങ്ങനെയുള്ള വസ്തുക്കളുടെ നികുതി കുറയും.

33 ജീവന്‍രക്ഷാ മരുന്നുകളുടെ 12 ശതമാനം നികുതി പൂര്‍ണമായും ഒഴിവാക്കും മൂന്ന് ജീവൻരക്ഷാ മരുന്നുകളുടെയും അര്‍ബുദ, അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെയും അഞ്ച് ശതമാനം നികുതി ഒഴിവാക്കി. ചെറുകാറുകള്‍, 350 സി.സി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്കും വില കുറയും. എ.സി, ടി.വി എന്നിവയുടെയും വില കുറയും. പുകയില, സിഗരറ്റ്, ശീതള പാനീയങ്ങള്‍, പാന്‍ മസാല എന്നിങ്ങനെയുള്ള ഏഴിനങ്ങള്‍ക്ക് 40 ശതമാനം നികുതി ഈടാക്കും. മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും.

എന്നാല്‍ കേരളത്തിന് തിരച്ചടിയായി ലോട്ടറിയുടെ നികുതി 28 ശതമാനത്തില്‍ നിന്നും 50 ശതമാനമായി കൂടും.

Content Highlight: Prices of Milma products will decrease