ന്യൂദല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഏതാനും ചില സംഭവങ്ങളുടെ പേരില്‍ മാത്രം ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുര്‍ക്കര്‍ എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണ് രാഷ്ട്രപതി റഫറന്‍സ് പരിഗണിച്ചത്.
ബില്ലുകളില്‍ കാലതാമസം നേരിട്ടാല്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. അത്തരം കേസുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 200, 201 എന്നീ ആര്‍ട്ടിക്കിളുകള്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും പ്രവര്‍ത്തിക്കാന്‍ ഒരു സമയപരിധി നിശ്ചയിക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത്, ഭരണഘടന കോടതി ഭേദഗതി ചെയ്യുന്നതിന് തുല്യമാകില്ലേയെന്നും ബെഞ്ച് ചോദിച്ചു.
ഭരണഘടനയില്‍ നിബന്ധനകളൊന്നുമില്ലെങ്കില്‍ എങ്ങനെയാണ്, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുകയെന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ചോദ്യമുയര്‍ത്തിയത്. രാഷ്ട്രപതിയുടെ 143(1) പ്രത്യേക അധികാരപ്രകാരമായിരുന്നു സുപ്രീം കോടതി വിധിയിലുള്ള ഇടപെടല്‍.
വിധിയെ മുന്‍നിര്‍ത്തി 14 ചോദ്യങ്ങളാണ് രാഷ്ട്രപതി സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഭരണഘടന പ്രകാരം രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ അധികാരങ്ങള്‍ക്ക് പകരം ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സ്വന്തം അധികാരം സുപ്രീം കോടതിക്ക് എങ്ങനെ നല്‍കാന്‍ കഴിയും? സുപ്രീം കോടതിയുടെ ‘പ്ലീനറി അധികാരം’ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണോ?
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ അനുമതിയില്ലാതെ സംസ്ഥാന നിയമസഭ നിര്‍മിക്കുന്ന ഒരു നിയമം പ്രാബല്യത്തില്‍ വരുന്ന നിയമമാണോ എന്നും രാഷ്ട്രപതി ചോദിച്ചിരുന്നു.
ഗവര്‍ണറും പ്രസിഡന്റും ഭരണഘടനാപരമായ വിവേചനാധികാരം ഉപയോഗിക്കുന്നത് ഫെഡറലിസത്തിനും നിയമങ്ങളുടെ ഏകീകരണത്തിനും രാജ്യത്തിന്റെ സമഗ്രത, സുരക്ഷ, അധികാര വിഭജന സിദ്ധാന്തം തുടങ്ങിയവ അടിസ്ഥാനമാക്കിയുമാണെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.
തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിലാണ് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ച് വിധി പുറപ്പെടുവിച്ചത്. ഈ വിധിയില്‍ പുനഃപരിശോധന വേണമെന്ന് കേന്ദ്രവും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും ആര്‍. മഹാദേവനും ചേര്‍ന്ന് 415 പേജുള്ള വിധിയാണ് പുറപ്പെടുവിച്ചത്. മൂന്ന് മാസത്തെ സമയപരിധിയാണ് സുപ്രീം കോടതി നിശ്ചയിച്ചത്.
Content Highlight: Presidential reference; Supreme Court says Governor and President cannot set time limit