മാവോയിസ്റ്റുകളുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകണം; ഓപ്പറേഷന്‍ കഗാറിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം
national news
മാവോയിസ്റ്റുകളുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകണം; ഓപ്പറേഷന്‍ കഗാറിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th May 2025, 8:21 am

ഹൈദരാബാദ്: മാവോയിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ കഗാറിനെതിരെ തെലങ്കാനയില്‍ പ്രതിഷേധ റാലി. ഓപ്പറേഷന്‍ കഗാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ പൗരാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സിവില്‍ സംഘടനകളും രാഷ്ട്രീയ നേതാക്കളും ചേര്‍ന്നാണ് റാലി നടത്തിയത്. സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ഇന്ദിരാ പാര്‍ക്കിലേക്കാണ് പ്രതിഷേധ റാലി നടന്നത്.

അടുത്തിടെ ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട വനമേഖലക്കടുത്തുള്ള ഗ്രാമങ്ങളില്‍ സുരക്ഷാ സേന റോക്കറ്റ് ലോഞ്ചറുകള്‍, ഡ്രോണുകള്‍, മറ്റ് അത്യാധുനിക വെടിക്കോപ്പുകള്‍ എന്നിവ ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തെലങ്കാനയില്‍ സമാധാനപരമായി പ്രതിഷേധ റാലി നടന്നത്. മാവോയിസ്റ്റുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി ആദിവാസികളെ അടക്കം അധികാരികള്‍ കൂട്ടക്കൊല ചെയ്യുകയാണെന്നും ഏറ്റുമുട്ടലിനിടെ പരിക്കേറ്റ പലരും ഊരുകളില്‍ ചികിത്സയിലാണെന്നും സമരക്കാര്‍ പറയുന്നു.

പ്രധാനമായും അധികാരികള്‍ മാവോയിസ്റ്റുകളുമായി സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാരുകളെയാണ് സമരക്കാര്‍ ആവശ്യം അറിയിച്ചത്.

തെലങ്കാനയിലെ അംബേദ്കര്‍ സെന്ററില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. ബി.ആര്‍.എസ് ജില്ലാ അധ്യക്ഷനും എം.എല്‍.സിയുമായ ടാറ്റാ മധുസൂദനന്‍, ഇടതുപക്ഷ പാര്‍ട്ടി നേതാക്കളായ നുന്ന നാഗേശ്വര റാവു, ബി. ഹേമന്ത് റാവു, ജി. വെങ്കിടേശ്വര്‍ലു, കോണ്‍ഗ്രസ് നേതാവ് പോട്ല നാഗേശ്വര റാവു, ടി.ജെ.എസ് നേതാവ് ജി. ശങ്കര്‍ റാവു, തെലങ്കാന പീപ്പിള്‍സ് ജെ.എ.സി നേതാവ് ദേവിറെഡ്ഡി വിജയ്, ആം ആദ്മി പാര്‍ട്ടി നേതാവ് എസ്. സുബ്ബ റാവു തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ കാഗറിന്റെ മറവില്‍ അര്‍ധസൈനിക വിഭാഗങ്ങളും ബസ്തര്‍ ഫൈറ്റേഴ്സും സി-60 കമാന്‍ഡോകളും സംയുക്തമായി ആദിവാസികളെ ആക്രമിക്കുകയാണെന്ന് മധുസൂദനന്‍ പറഞ്ഞു.

അതിര്‍ത്തികളില്‍ നിലയുറക്കേണ്ട സുരക്ഷാ സേന രാജ്യത്തെ പൗരന്മാരായ ആദിവാസികളെ ആക്രമിക്കുകയാണെന്ന് മധുസൂദനനെ ഉദ്ധരിച്ച് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

2026 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്ന് മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. 2026 മാര്‍ച്ച് 31ഓടെ രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Prepare for peace talks with Maoists; Protest in Telangana against Operation Kagar