വിവാഹപൂര്‍വ ലൈംഗികതയും ഗര്‍ഭധാരണവും പേഴ്‌സണല്‍ ചോയ്‌സ്; ആലിയക്കെതിരായ അധിക്ഷേപത്തില്‍ ദിയ മിര്‍സ
Film News
വിവാഹപൂര്‍വ ലൈംഗികതയും ഗര്‍ഭധാരണവും പേഴ്‌സണല്‍ ചോയ്‌സ്; ആലിയക്കെതിരായ അധിക്ഷേപത്തില്‍ ദിയ മിര്‍സ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd July 2022, 3:40 pm

ആലിയ ഭട്ടിനെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടിയും മോഡലുമായ ദിയ മിര്‍സ. കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു ആലിയയുടെയും രണ്‍ബീര്‍ കപൂറിന്റേയും വിവാഹം കഴിഞ്ഞത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചതോടെ ആലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ട്രോളുകളും വന്നിരുന്നു. ആലിയ വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരിക്കാമെന്ന തരത്തിലാണ് ട്രോളുകള്‍ വന്നത്.

തുടര്‍ന്നാണ് ആലിയയെ പിന്തുണച്ചും അധിക്ഷേപങ്ങളെ വിമര്‍ശിച്ചും ദിയ മിര്‍സ രംഗത്ത് വന്നത്. വിവാഹപൂര്‍വ ലൈംഗികതയും ഗര്‍ഭധാരണവും തികച്ചും പേഴ്‌സണല്‍ ചോയ്‌സാണെന്ന് ദിയ ഇ ടൈംസിനോട് പറഞ്ഞു.

 

‘പേഴ്‌സണല്‍ ചോയിസിന്റെ പവര്‍ എനിക്കറിയാം. ഇതെന്റെ പേഴ്‌സണല്‍ ചോയിസാണെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ ആ തീരുമാനം ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വ്യക്തി എന്ന നിലയ്ക്ക് ഭീഷണിക്ക് വഴങ്ങിയോ ഭയന്നോ അല്ല പേഴ്‌സണല്‍ ചോയിസ് ഉണ്ടാക്കേണ്ടത്.

വിവാഹപൂര്‍വ ലൈംഗിക ബന്ധം, വിവാഹപൂര്‍വ ഗര്‍ഭധാരണം എന്നീ കാര്യങ്ങളില്‍ പിന്തിരിപ്പന്‍ ചിന്താഗതി ഉള്ളവരുണ്ടായിരിക്കും. ഇത് തികച്ചും പേഴ്‌സണല്‍ ചോയ്‌സാണെന്ന് വിചാരിക്കുന്നവരും ഉണ്ടാവും. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ സങ്കല്‍പ്പിക്കുന്നത് പോലെയോ അല്ലെങ്കില്‍ സ്വയം കരുതുന്നത് പോലെയോ പുരോഗമനവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല,’ ദിയ പറഞ്ഞു.

 

2021 ല്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടപ്പോള്‍ ദിയ മിര്‍സക്കെതിരെയും സമാനമായ അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. 2021 ഏപ്രിലിലാണ് ദിയ ഗര്‍ഭിണിയായ വിവരം പങ്കുവെച്ചത്. 2021 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.

Content Highlight: Premarital Sex and Pregnancy are Personal Choice, Dia Mirza on trolls against alia bhatt