അമ്പും വില്ലുമായി റീനുവും സച്ചിനും; പ്രേമലു തെലുങ്ക് ഫസ്റ്റ് ലുക്ക്
Film News
അമ്പും വില്ലുമായി റീനുവും സച്ചിനും; പ്രേമലു തെലുങ്ക് ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th February 2024, 6:16 pm

2023ൽ തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർത്തുകൊണ്ടിരിക്കുന്ന ചിത്രമാണ് പ്രേമലു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം മാർച്ച് എട്ടിനാണ് തെലുങ്കിൽ റിലീസ് ചെയ്യുന്നത്. തെലുങ്കിലെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയാണ് തെലുങ്കിലെ റൈറ്റ്സ് കിട്ടിയിരിക്കുന്നത്. അമ്പും വില്ലുമായി നിൽക്കുന്ന റീനുവും സച്ചിനുമാണ് ഫസ്റ്റ് ലുക്കിൽ കാണുന്നത്. ആദിയും മിനികൂപ്പറുമെല്ലാം പോസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്.

മലയാളത്തിൽ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസിൽ 50 കോടി കളക്ഷന്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരു പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറായ ചിത്രത്തിൽ മമിതയും നസ്‌ലെനുമാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്.

മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിൻ എന്ന കഥാപാത്രമായി നസ്‌ലെനും റീനു എന്ന കഥാപാത്രമായി മമിതയുമാണ് അവതരിപ്പിക്കുന്നത്. അമൽ ഡേവിസ് എന്ന കഥാപാത്രത്തെ സംഗീത് പ്രതാപും ആദിയായി ശ്യാം മോഹനും കാർത്തികയായി അഖില ഭാർഗവനുമാണ് അഭിനയിക്കുന്നത്.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോജി, കുമ്പളങ്ങി നൈറ്റ്‌സ്, പാല്‍തു ജാന്‍വര്‍, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവനാ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്.

സച്ചിന്‍ എന്ന ടീനേജുകാരന് സുഹൃത്ത് റീനുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. ഗിരീഷ് എ.ഡി. യും നസ്‌ലെനും തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒന്നിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. മാത്യു തോമസും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.


വിഷ്ണു വിജയന്‍ സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Content Highlight: Premalu movie’s thelung first look poster out