തിയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കിയതിന് ശേഷം ഒ.ടി.ടിയിലും ചര്‍ച്ചയാവുകയാണ് തമിഴ് ചിത്രം ഡ്യൂഡ്. നവാഗതനായ കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത റോം കോം ചിത്രം ഈ വര്‍ഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട സിനിമയായി മാറി. ചിത്രത്തിലെ ഗാനങ്ങളും സീനുകളുമെല്ലാം ഇപ്പോഴും ട്രെന്‍ഡാണ്. ഡ്യൂഡിന്റെ പല എഡിറ്റ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ച. കഴിഞ്ഞവര്‍ഷം കേരളത്തിന് പുറത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട പ്രേമലുവും ഡ്യൂഡും മിക്‌സ് ചെയ്ത വീഡിയോ ട്രോളന്മാര്‍ ഏറ്റെടുത്തു. പ്രേമലുവില്‍ മമിത അവതരിപ്പിച്ച റീനു എന്ന കഥാപാത്രത്തിന്റെ ഡാന്‍സ് കാണാന്‍ സച്ചിനും അമല്‍ ഡേവിസും എത്തുന്ന രംഗവും ഡ്യൂഡിലെ വെഡ്ഡിങ് ഡാന്‍സും മിക്‌സ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.
റീനുവിന്റെ ഡാന്‍സ് ആസ്വദിക്കുന്ന നസ്‌ലെന്റ ഭാവങ്ങളും ഡ്യൂഡിലെ കയലിന്റെ ഡാന്‍സും കൃത്യമായി കട്ട് ചെയ്ത വീഡിയോ ആദ്യാവസാനം രസിപ്പിക്കുന്നുണ്ട്. പ്രേമലുവില്‍ ആദിയെ കണ്ട് പേടിക്കുന്ന സച്ചിന്റെ സീന്‍ ഈ വീഡിയോയില്‍ പ്രദീപിന്റെ വരവുമായാണ് മിക്‌സ് ചെയ്തിരിക്കുന്നത്. ഡ്യൂഡിലെ കയല്‍ അഗനെ കെട്ടിപ്പിടിക്കുന്നത് കണ്ട് സച്ചിന്‍ നിരാശനാകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഡ്യൂഡിലൂടെ വീണ്ടും ട്രെന്‍ഡായ ‘കറുത്ത മച്ചാന്‍’ എന്ന പാട്ടാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയുടെ കമന്റുകളും രസകരമാണ്. യു.കെയില്‍ പോകണ്ടായിരുന്നെന്ന് സച്ചിന്‍ ആത്മഗതം പറയുന്ന കമന്റിന് നിരവധി ലൈക്കുകളാണ്. ‘മമിത സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ പുതിയ MCU’, ‘സച്ചിനും അഗനുമല്ല, പാരിയോടാണ് അവള്‍ക്ക് പ്രേമമെന്ന് ആര്‍ക്കും അറിയില്ല’ എന്നിങ്ങനെയാണ് കമന്റുകള്‍.
ഒറിജിനലിനെ വെല്ലുന്ന ഈ എഡിറ്റ് വീഡിയോ ഇന്‍സ്റ്റഗ്രാമിലെ സാക്ക്.ft എന്ന പേജാണ് പോസ്റ്റ് ചെയ്തത്. അഞ്ച് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് സ്വന്തമാക്കിയത്. ഈ പേജിന്റെ എഡിറ്റ് വീഡിയോകള്‍ക്കെല്ലാം വന്‍ റീച്ചാണ്. ഇന്‍സ്റ്റഗ്രാമിന് പുറമെ എക്‌സിലും ഈ വീഡിയോ വൈറലായി മാറി.
ഈ വര്‍ഷത്തെ തന്റെ രണ്ടാമത്തെ 100 കോടി ചിത്രമാണ് ഡ്യൂഡിലൂടെ പ്രദീപ് രംഗനാഥന്‍ സ്വന്തമാക്കിയത്. നായകനായെത്തിയ മൂന്നില്‍ രണ്ട് സിനിമകളും 100 കോടി ക്ലബ്ബിലെത്തിച്ച പ്രദീപ് കോളിവുഡിലെ അടുത്ത സെന്‍സേഷനായി മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ ഇന്‍ഡസ്ട്രിയിലെത്തിയ പ്രദീപ് ഇനിയും ഞെട്ടിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Premalu and Dude crossover video viral