സിനിമയെ സിനിമയായി കാണണമെന്ന് പറയുന്നവരെക്കൊണ്ട് ഒരു ഗുണവും ലഭിക്കില്ല, അവരുടെ ചിന്ത ഇടുങ്ങിയതായിരിക്കും: പ്രേം കുമാര്‍
Indian Cinema
സിനിമയെ സിനിമയായി കാണണമെന്ന് പറയുന്നവരെക്കൊണ്ട് ഒരു ഗുണവും ലഭിക്കില്ല, അവരുടെ ചിന്ത ഇടുങ്ങിയതായിരിക്കും: പ്രേം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th October 2025, 9:15 am

വെറും രണ്ട് സിനിമകള്‍ കൊണ്ട് സിനിമാപ്രേമികളുടെ മനസില്‍ സ്ഥാനം നേടിയ സംവിധായകനാണ് പ്രേം കുമാര്‍. മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകളാണ് പ്രേം കുമാറിന്റെ സിനിമകളില്‍. സിനിമ എന്ന കലാരൂപം സമൂഹത്തില്‍ എത്രമാത്രം ഇംപാക്ടുണ്ടാക്കുമെന്ന് പറയുകയാണ് അദ്ദേഹം.

കുട്ടിക്കാലം മുതല്‍ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും തന്റെ ജീവിതത്തില്‍ സിനിമ വലിയ ഇംപാക്ടുണ്ടാക്കിയിട്ടുണ്ടെന്നും പ്രേം കുമാര്‍ പറഞ്ഞു. താന്‍ കണ്ടുവളര്‍ന്ന സിനിമകളും തന്റെ ചുറ്റുപാടും കാണുന്ന ആളുകളുടെ കഥയുമാണ് സിനിമ ചെയ്യാന്‍ പ്രചോദനമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതീവന്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയെ സിനിമയായി മാത്രം കണ്ടുകൂടെ എന്ന് പലരും ചോദിക്കുന്നത് കാണാം. അവരോട് അവസാനമായി കണ്ട സിനിമയേതാണെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. അവരെക്കൊണ്ട് സമൂഹത്തിന് ഒരു ഗുണവുമില്ല. ഇടുങ്ങിയ ചിന്താഗതിയായിരിക്കും അവര്‍ക്കെല്ലാം. സിനിമ മനുഷ്യനെ എത്രത്തോളം സ്വാധീനിക്കുമെന്ന് അവര്‍ക്ക് അറിയില്ല.

കുട്ടിക്കാലം മുതല്‍ എല്ലാ തരത്തിലുമുള്ള സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അച്ഛനും അമ്മയും ടീച്ചര്‍മാരും പറഞ്ഞുതരാത്ത പല കാര്യങ്ങളും എനിക്ക് പഠിപ്പിച്ചു തന്നത് സിനിമയാണ്. സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എത്രയോ സിനിമകള്‍ ഇപ്പോഴും വരുന്നുണ്ട്. അതിന്റെ സംവിധായകര്‍ക്ക് കൊമേഴ്‌സ്യല്‍ സിനിമ ചെയ്യാന്‍ അറിയാത്തതുകൊണ്ടാണോ അത്തരം സിനിമകള്‍ മാത്രം ചെയ്യുന്നത്?

കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യുമ്പോള്‍ കിട്ടാത്ത എന്തോ ഒന്ന് ഇത്തരം സമാഹിക പ്രസക്തിയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. സമൂഹത്തോടുള്ള ഉത്തരവാദിത്തമാണത്. ഇത്തരം സിനിമകള്‍ എടുക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയാണോ ചെയ്യുന്നത് ആ പ്രദേശത്തുള്ള ആളുകള്‍ക്ക് അതിന്റെ ഗുണം ലഭിക്കും.

എല്ലാ ആര്‍ട്ടിനും ആ ഉത്തരവാദിത്തമുണ്ടെങ്കിലും സിനിമയാണ് ഇതില്‍ കൂടുതല്‍ പോപ്പുലര്‍. നിങ്ങള്‍ പോലുമറിയാതെ നിങ്ങളെ മാറ്റാനുള്ള ശക്തി സിനിമക്കുണ്ട്,’ പ്രേം കുമാര്‍ പറയുന്നു.

ഛായാഗ്രഹകനായാണ് പ്രേം സിനിമാലോകത്തേക്ക് കടന്നുവന്നത്. പസങ്ക, വാനം, സുന്ദര പാണ്ഡ്യന്‍, നടുവുല കൊഞ്ചം പക്കത്തെ കാണോം തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച പ്രേം 96ലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നത്. നഷ്ടപ്രണയത്തിന്റെ സൗന്ദര്യം കാണിച്ച 96ഉം പിന്നാലെ ബന്ധങ്ങളുടെ മനോഹാരിത വരച്ചുകാട്ടിയ മെയ്യഴകനും സിനിമാപ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയവയാണ്.

Content Highlight: Prem Kumar explains how cinema can influence a person