അസ്വാഭാവികതയില്ല; കെ.കെയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
national news
അസ്വാഭാവികതയില്ല; കെ.കെയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 11:07 pm

കൊല്‍ക്കത്ത: മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ(കൃഷ്ണകുമാര്‍ കുന്നത്ത്)യുടെ മരണ കാരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കെ.കെയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കെ.കെക്ക് ഗുരുതര കരള്‍- ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൊല്‍ക്കത്തയിലെ എസ്.എസ്.കെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.

നേരത്തെ കെ.കെയുടെ മരണത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. അസ്വാഭാവിക മരണത്തിനായിരുന്നു ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ കെ.കെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായും സൂചനയുണ്ട്. വേദിയിലെ ചൂടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും കെ.കെ പരിപാടിക്കിടെ സംഘാടകരോട് പരാതിപ്പെട്ടിരുന്നു. ഓഡിറ്റോറിയത്തിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്ക് പിന്നാലെ കെ.കെ കുഴഞ്ഞുവീണു മരിച്ചത്. 53 വയസ്സായിരുന്നു.

കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. തൃശൂര്‍ വേരുകളുള്ള മലയാളി ദമ്പതികളായ സി.എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ദല്‍ഹിയിലാണ് കൃഷ്ണകുമാര്‍ കുന്നത്ത് ജനിച്ചത്.