എഡിറ്റര്‍
എഡിറ്റര്‍
മുഖം രക്ഷിക്കാന്‍ പരസ്യവുമായി സര്‍ക്കാര്‍; ജിഷ്ണു കേസ് നടപടികള്‍ വിശദീകരിച്ച് സര്‍ക്കാര്‍ പത്ര പരസ്യം
എഡിറ്റര്‍
Saturday 8th April 2017 7:45am

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ നിരാഹരസമരത്തിനെത്തിയ കുടുംബത്തിനെതിരായ പൊലീസ് നടപടി വിവാദമായ സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ വിശദീകരണവുമായി സര്‍ക്കാരിന്റെ പത്ര പരസ്യം. ജിഷ്ണു കേസ് പ്രചരണമെന്ത്, സത്യമെന്ത് എന്ന പേരില്‍ പി.ആര്‍.ഡി വകുപ്പാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്.


Also read ഐ.പി.എല്‍ കളിക്കാന്‍ ഇതാ ഒരു മലയാളി കൂടി; വെടിക്കെട്ട് താരം വിഷ്ണു വിനോദ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കെ.എല്‍ രാഹുലിന് പകരക്കാരനാകും 


ജിഷ്ണു കേസില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചരണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തു നീങ്ങുകയാണ് സര്‍ക്കാര്‍ എന്നതാണ് സത്യമെന്നും പറഞ്ഞ് കൊണ്ടാണ് പരസ്യം ആരംഭിക്കുന്നത്. കേസില്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന വാദങ്ങളാണ് പരസ്യത്തില്‍ ഉന്നയിക്കുന്നത്.

കേസില്‍ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും പറയുന്ന സര്‍ക്കാര്‍ ആദ്യം മുതലേ കേസിനെ ഗൗരവമായാണ് കാണുന്നതെന്നും അവകാശപ്പെടുന്നു.

പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചതെന്നും ഈ സംഘത്തില്‍ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും പൂര്‍ണ വിശ്വാസമാണ് പ്രകടിപ്പിച്ചതെന്നും പറഞ്ഞ സര്‍ക്കാര്‍ ജാമ്യഹര്‍ജിയുടെ വേളയില്‍തന്നെ കുടുംബം ആവശ്യപ്പെട്ട സ്പഷ്യെല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു.

കേസില്‍ കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ അത് റദ്ദാക്കുവാന്‍ സുപ്രീംകോടതിയില്‍ പോകുവാന്‍ സര്‍ക്കാര്‍ നടപടികളെടുത്തെന്നും ജാമ്യഹര്‍ജികളില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോകുന്നത് ആദ്യമായാണെന്നും വ്യക്തമാക്കുന്നു.

ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ഉള്ളയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തതിനെ കോടതി വിമര്‍ശിച്ച കാര്യവും ആ സമയത്ത് മാധ്യമങ്ങളടക്കം സര്‍ക്കാരിനെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും പറയുന്ന പരസ്യം ജാമ്യം ലഭിച്ച കൃഷ്ണദാസിനെയും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിശ്വനാഥന്റെ മകന്‍ സഞ്ജിത്തിനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തെന്നും പറയുന്നു.

ഒളിവിലുള്ളവരെ പിടികൂടാന്‍ ക്രൈം എ.ഡി.ജി.പി അഗര്‍വാളിന്റെ നേതൃത്വത്തില്‍ ടീമിനെ രൂപികരിച്ചിട്ടുണ്ടെന്നും വൈകാതെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസവും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നു. ഇനിയൊരു ജിഷ്ണുവും ഉണ്ടാകാതിരിക്കാനായി സ്വാശ്രയ മാനേജ്‌മെന്റ് കോളേജിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.

ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളുമടക്കം വടകരയില്‍ നിന്ന് ഡി.ജി.പിയെ കാണാനെത്തിയപ്പോള്‍ ആറുപേര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നെന്നും എന്നാല്‍ അനുമതിയില്ലാത്ത സംഘം വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും സര്‍ക്കാര്‍ പരസ്യം പറയുന്നു.

ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഒരു സംഘം അഴിച്ച് വിടുന്നതെന്നും ഇങ്ങിനെയൊന്നും നടന്നിട്ടില്ലെന്നും പറയുന്ന സര്‍ക്കാര്‍ പൊലീസുകാര്‍ അമ്മയെ എഴുനേല്‍പിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും പറഞ്ഞു.

പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബന്ധുക്കളെയാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പറയുന്ന സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും ആരോപിക്കുന്നു.

Advertisement