നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ത്ഥന: ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News
നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ത്ഥന: ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2023, 12:07 pm

തൃശ്ശൂര്‍: തൃശ്ശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ച ഓഫീസര്‍ കെ.ബിന്ദുവിന് സസ്‌പെന്‍ഷന്‍. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

നേരത്തെ പ്രാര്‍ത്ഥന നടത്തിയതിനെതിരെ ലഭിച്ച പരാതിയില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അന്വേഷിക്കാന്‍ സബ് കളക്ടറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് സസ്പന്‍ഷന്‍.

കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ഥന നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഇതിന് നേതൃത്വം നല്‍കിയത്. ആഴ്ചകള്‍ക്ക് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നത്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു. ഇതേ ഓഫീസിലുള്ള ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിനാല്‍ നിര്‍ദേശം ധിക്കരിക്കാനും ആര്‍ക്കും ധൈര്യം വന്നില്ല. താത്പര്യം ഇല്ലാതെയാണ് പലരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. ഓഫീസര്‍ ചുമതലയേറ്റതുമുതല്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓഫീസില്‍ നിരന്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുന്നത് ഓഫീസിലെ നെഗറ്റീവ് എനര്‍ജി മൂലമാണെന്നും ഓഫീസര്‍ പറഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു.

content highlight :  Prayer change negetyive energy  Child Protection Officer suspended