നിര്‍മാണത്തില്‍ കൈനോക്കാന്‍ ഹൃതിക് റോഷന്‍, നായിക പാര്‍വതി തിരുവോത്ത്
Indian Cinema
നിര്‍മാണത്തില്‍ കൈനോക്കാന്‍ ഹൃതിക് റോഷന്‍, നായിക പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th October 2025, 8:59 am

അഭിനയത്തിന് പുറമെ നിര്‍മാണരംഗത്തും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്‍. ഒ.ടി.ടിയുടെ ലോകത്തേക്കാണ് ഹൃതിക് തന്റെ ആദ്യ നിര്‍മാണസംരഭവുമായി എത്തുന്നത്. എച്ച്.ആര്‍.എക്‌സ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആമസോണ്‍ പ്രൈമുമായി സഹകരിച്ചാണ് പുതിയ വെബ് സീരീസ് ഒരുക്കുന്നത്.

മലയാളികളുടെ സ്വന്തം പാര്‍വതി തിരുവോത്താണ് വെബ് സീരീസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സ്‌ടോം എന്ന് പേരിട്ടിരിക്കുന്ന സീരീസ് പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഫയര്‍ ഇന്‍ദി മൗണ്ടൈന്‍സ്, ടബ്ബര്‍ എന്നീ സീരീസുകളൊാരുക്കിയ അജിത്പാല്‍ സിങ്ങാണ് സ്‌ടോമിന്റെ സംവിധായകന്‍. ത്രില്ലര്‍ ഴോണറിലാണ് ഈ സീരീസ് ഒരുങ്ങുന്നത്.

പാര്‍വതിക്കൊപ്പം ആലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, സബ ആസാദ്, റമ ശര്‍മ എന്നിവരും ഈ സീരീസില്‍ മറ്റ് താരങ്ങള്‍. റോ ആയിട്ടുള്ള സീരീസാകും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ ഷൂട്ട് ആരംഭിക്കുമെന്നും 2026 പകുതിയോടെ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നും കരുതുന്നു.

ബോളിവുഡില്‍ രണ്ട് സിനിമകളില്‍ ഭാഗമായ പാര്‍വതി തിരുവോത്ത് ആദ്യമായാണ് വെബ് സീരീസിന്റെ ഭാഗമാകുന്നത്. ഇര്‍ഫാന്‍ ഖാന്‍ നായകനായ ഖരീബ് ഖരീബ് സിംഗിള്‍, പങ്കജ് ത്രിപാഠിയുടെ കഠക് സിങ് എന്നിവയാണ് പാര്‍വതിയുടെ മുന്‍ ബോളിവുഡ് ചിത്രങ്ങള്‍. മൂന്നാമത്തെ അവസരത്തില്‍ താരം ഞെട്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

സംവിധാനംരഗത്തേക്ക് ചുവടുവെക്കുന്നതിന് മുമ്പ് നിര്‍മാണമേഖലയില്‍ സാന്നിധ്യമറിയിക്കുകയാണ് ഹൃതിക് റോഷന്‍. കരിയറിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായ ക്രിഷ് 4 സംവിധാനം ചെയ്യുന്നത് ഹൃതിക്കാണ്. എന്നാല്‍ ഇതിന് മുമ്പ് താരം നിര്‍മാണരംഗത്തേക്ക് കടക്കുന്ന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഹൃതിക് റോഷനും പാര്‍വതിയും കൈകോര്‍ക്കുന്ന വാര്‍ത്ത സിനിമാപ്രേമികള്‍ക്ക് വലിയ സര്‍പ്രൈസാണ് സമ്മാനിച്ചത്. ആദ്യ നിര്‍മാണ സംരംഭം മാസ് മസാലയാക്കാതെ പരീക്ഷണ സ്വഭാവമുള്ള സബ്ജക്ട് തെരഞ്ഞെടുത്തത് മികച്ച അവസരമായിട്ടാണ് കാണുന്നതെന്ന് ഹൃതിക് അറിയിച്ചു. അഭിനയത്തിനപ്പുറം നിര്‍മാണത്തിലൂടെ ഹൃതിക് ഞെട്ടിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Pravtahy Thiruvoth plays lead role in Hrithik Roshan’s production debut titled as Storm