പ്രവാസിയുടെ കുറിപ്പുകളില്‍ മതത്തെ കണ്ടെത്താമോ?
Discourse
പ്രവാസിയുടെ കുറിപ്പുകളില്‍ മതത്തെ കണ്ടെത്താമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th January 2011, 8:11 am

അടുത്തവര്‍ഷത്തേക്കുള്ള പത്താംക്ലാസിലെ മലയാള പാഠപുസ്തകം പരിഷ്‌കരിക്കാനുള്ള കമ്മിറ്റി തയ്യാറാക്കിയ പാഠഭാഗങ്ങളെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. സാധാരണ, പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ കോലാഹലം ജനങ്ങള്‍ അറിയാറില്ല, ആരു അറിയിക്കാറുമില്ല. ഇക്കുറി ഇതൊക്കെ പരസ്യമാക്കുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി സംഭവിച്ച പാഠപുസ്തക കോലാഹലം കാരണമാണ്. മാത്രമല്ല വിദഗ്ദര്‍ ചെയ്യേണ്ട ജോലിയില്‍ മന്ത്രിയും അനുചരന്‍മാരും നടത്തുന്ന ഇടപെടലുകള്‍ കൊണ്ട് കൂടിയാണ്.

ഇതിന്റെ പേരില്‍ പാഠപുസ്തക കമ്മിറ്റിയില്‍ നിന്നും ഇതിനിടെ കുറേ പ്രമുഖര്‍ രാജിവച്ചൊഴിയുകയും ചെയ്തിട്ടുണ്ട്. പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ കൂട്ടികളെപ്പറ്റിയും വിദ്യാഭ്യാസത്തെപ്പറ്റിയും സംസ്‌കാരത്തെപ്പറ്റിയും നല്ല ധാരണയുള്ള ചിലരെന്ന് പൊതുസമൂഹം കരുതുന്നവര്‍ കൂടിയിരുന്നാലോചിച്ച് തിരഞ്ഞെടുത്ത ചില പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നേരിട്ടിടപെട്ട് മാറ്റിയതായി അറിയുന്നു. എസ്.സിത്താരയുടെ കഥയും ബാബു ഭരദ്വാജിന്റെ പ്രവാസികളുടെ കുറിപ്പുകളില്‍ നിന്നുള്ള ഒരു ഭാഗവും അതില്‍പ്പെടും.

ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളില്‍ നിന്നുള്ള ” ഒരു ചന്ദ്രോത്സവത്തിന്റെ ഓര്‍മ്മ” എന്ന ഭാഗമാണ് ഇങ്ങിനെ തൂക്കി പുറത്തെറിഞ്ഞത്. പാഠപുസ്തകത്തിലെ “പ്രവാസം” എന്ന ഭാഗത്തില്‍ നിന്നാണ് ഇത് എടുത്ത് കളഞ്ഞത്. പ്രവാസത്തെക്കുറിച്ചും പ്രവാസികളെക്കുറിച്ചും ബാബു ഭരദ്വാജ് അന്നേവരെ എഴുതിയവയൊക്കെ കേരളത്തിലെ വായനാ സമൂഹം വായിച്ചിട്ടുണ്ട്, സ്വീകരിച്ചിട്ടുമുണ്ട്.

പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രവാസത്തിന്റെയും ആ കുറിപ്പുകള്‍ വഴിയാണ് അന്നം തേടി മരുഭൂമികളിലെത്തുന്ന മലയാളിയുടെ ഹൃദയത്തിന്റെ മരുപ്പച്ചകള്‍ മലയാളികള്‍ കണ്ടെത്തിയത്. മതങ്ങള്‍ക്കന്യവും അതീതവുമായ യഥാര്‍ഥ മാനവികത നിറഞ്ഞു നിന്നിരുന്നതും പ്രവാസി സമൂഹത്തിന്റെ മതനിരപേക്ഷതയുടെ സങ്കീര്‍ത്തനവുമായിരുന്നു ആ കൃതി. എന്നാല്‍ ഈ മതനിരപേക്ഷതയും വിശാലമായ മാനവികതയുമായിരിക്കണം ബേബിയെ ചൊടിപ്പിച്ചത്. ലേഖനത്തില്‍ നിറയെ മത ചിഹ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് ബേബി പാഠപുസ്തകത്തില്‍ നിന്ന് മാറ്റിയത്. അത്തരം ഏതെങ്കിലും വാചകം പുസ്തകത്തില്‍ ഉണ്ടെങ്കില്‍ മാറ്റാമെന്ന പുസ്തകക്കമ്മിറ്റിയുടെ നിര്‍ദേശം പോലും എം.എ ബേബി തള്ളിക്കളഞ്ഞു.

ഈ കുറിപ്പില്‍ എന്തെങ്കിലും മതചിഹ്നങ്ങള്‍ ഉണ്ടോ എന്ന് വായനക്കാര്‍ക്ക് പരിശോധിക്കാന്‍ ഞങ്ങള്‍ ” ചന്ദ്രോത്സവത്തിന്റെ ഓര്‍മ്മ”” എന്ന കുറിപ്പ് ഒരു മാറ്റവും വരുത്താതെ പ്രസിദ്ധീകരിക്കുന്നു. പത്താം തരത്തിലെ കുട്ടികളുടെ ഹൃദയവും മനസ്സും കലുഷമാക്കുന്നതും അവരില്‍ മതചിന്തകള്‍ നിറക്കുന്നതും മറ്റ് മതങ്ങളോട് വൈരാഗ്യവും അസഹിഷ്ണുതയും ഉണ്ടാക്കുന്നതും അതുവഴി ഭാവി തലമുറയെ വഴിതെറ്റിക്കുന്നതുമായ എന്തെങ്കിലും പരാമര്‍ശങ്ങള്‍ അതിലുണ്ടോ എന്നറിയാന്‍ പൊതു സമൂഹത്തിനവകാശമുണ്ടല്ലോ? അതിനു വേണ്ടി മാത്രം കുറിപ്പ് ഒരിക്കല്‍കൂടി വായിക്കൂ.

ലേഖനത്തിന്റെ പേരില്‍ ഒരു ചന്ദ്രക്കല ഉള്ളതാണല്ലോ മതചിഹ്നം. ഒരു മത ദര്‍ശനത്തെ, ഒരു ജീവിത വ്യവസ്ഥിതിയെ ചിഹ്നങ്ങളില്‍ ബേബി ഒതുക്കുന്നത് മാനവീയതക്കെതിരാണെന്ന് പോലും മാനവീയതയുടെ പ്രചാരകരെന്ന് പ്രചരിപ്പിക്കപ്പെടുന്ന ബേബിക്കറിയില്ല. പ്രവാസി സമൂഹത്തെ അവഹേളിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ബേബി ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കാതെ വയ്യ.

ബുദ്ധന്‍ പുഴയെപ്പറ്റി പറഞ്ഞതാണോ, ഗംഗയെക്കുറിച്ചുള്ള പരാമര്‍ശമാണോ?. ചെന്നായയുടെയും ആട്ടിന്‍കുട്ടിയുടെയും കഥ പറഞ്ഞ പോലെയാണിത്. ആട്ടിന്‍ കുട്ടിയല്ല വെള്ളം കലക്കിയതെങ്കിലും ആട്ടിന്‍കുട്ടി ശിക്ഷിക്കപ്പെടും. അവന്റെ തന്ത കലക്കിയതാവും എന്ന ന്യായം കാണും. പുസ്തകത്തില്‍ നിന്ന പാഠഭാഗം നീക്കം ചെയ്യാന്‍ ഈ ന്യായവാദം തന്നെയായിരിക്കും സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാരനായ മന്ത്രി സ്വീകരിക്കുക.

അടുത്ത പേജില്‍ തുടരുന്നു

ഒരു ചന്ദ്രോല്‍സവത്തിന്റെ ഓര്‍മ

ഒരു ദിവസം സാദ് പറഞ്ഞു: “നമുക്ക് മരുഭൂമിയില്‍ ചെന്ന് രാപാര്‍ക്കാം. മരുഭൂമിയുടെ കരച്ചിലും ചിരിയും ഞാന്‍ നിന്നെ കേള്‍പ്പിക്കാം”. മരുഭൂമി ഒരിക്കലും ഉറങ്ങാറില്ല. നിതാന്തമായ ഒരു വിലാപമാണത്. നിറുത്താതെയുള്ള ചിരിയാണത്. “ഇടക്കൊക്കെ സാദ് ഇത്തരം ഭ്രാന്തുകള്‍ക്ക് അിമപ്പെടാറുണ്ട്. ഇനി നിര്‍ത്താതെ ആവേശത്തോടെ അയാള്‍ ആദിപിതാക്കളെപ്പറ്റി പറയാന്‍ തുടങ്ങുമെന്ന് എനിക്കറിയാം.”

എനിക്കും പറയാന്‍ ഒരവസരം കിട്ടണമല്ലോ! അതുകൊണ്ട് ഇടയില്‍ കടന്ന് ഞാന്‍ പറഞ്ഞു. ഇന്ത്യയില്‍ ഗംഗാസമതലത്തില്‍ തോണിക്കാര്‍ പാടുന്ന ഒരു പാട്ടുണ്ട്.

“രാത്രിയില്‍ ഗംഗ ഒഴുകാറില്ല-

പകരം മനുഷ്യരുടെ കണ്ണീര്‍

ഗംഗയായി ഒഴുകുന്നു-“

ഒരിക്കല്‍ ഗംഗാനദിയുടെ തീരത്തൊരു ഗ്രാമത്തില്‍ അന്തിയുറങ്ങിയപ്പോള്‍ രാത്രിയുടെ നാലാം യാമത്തില്‍ ഈ പാട്ടുകേട്ട് ഞാനുണര്‍ത്തിയിട്ടുണ്ട്. അന്ന് എന്തിനെന്നറിയാതെ ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. അക്കാര്യം മാത്രം ഞാന്‍ സാദിനോട് പറഞ്ഞില്ല.

നഗരം പിന്നിട്ട് സാദിന്റെ ജീപ്പ് കുതിച്ചുകൊണ്ടിരിക്കുന്നു. ഏറെ നാളത്തെ അലച്ചിലിനുശേഷം സാദിനെ കാണാന്‍ ഞാനന്ന് തിരിച്ചെത്തിയതേയുള്ളൂ. സാദിന്റെ കാശുമുടക്കി ഞാന്‍ നടത്തുന്ന വിഫലമായ വ്യവസായ ശ്രമങ്ങളെപ്പറ്റി പറയാന്‍ തുടങ്ങിയതേയുള്ളൂ. സാദ് എന്നെ കൈകൊണ്ട് വിലക്കി.

“അതൊക്കെ പിന്നെ പറയാം.വണ്ടീല്‍ കയറ്. നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞാല്‍ നമ്മള്‍ പിണങ്ങും. ഈ ദിവസങ്ങള്‍ നമുക്ക് നഷ്ടമാകും. പണം പിന്നെയും കായ്ക്കും. കഥ അങ്ങനെയല്ല. ഒരിക്കല്‍ പറയാന്‍ വിട്ടു പോയ കഥ പിന്നീടൊരിക്കലും പറയാനില്ല. പിന്നീടെപ്പോഴെങ്കിലും പറയാന്‍ കഴിഞ്ഞാല്‍ തന്നെ അത് ആ കഥ ആയിരിക്കില്ല”.

ഞാന്‍ അത്ഭൂതത്തോടെ സാദിനെ നോക്കി. ഈ മനുഷ്യന്‍ എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറത്താണ്. ആരാണിയാള്‍? എന്റെ ജീവിതത്തില്‍ നിന്ന് പൂളിയെടുത്ത് മാറ്റിയതുപോലൊരാള്‍.

നിരത്തില്‍ നിന്ന് ജീപ്പ് മണല്‍പ്പരപ്പിലേക്ക് കടന്നു. ഇപ്പോള്‍ അറ്റമില്ലാത്ത ഒരു ഭൂമിയിലൂടെ ഞങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു, സന്ധ്യയാകാറായിരുന്നു. മരുഭൂമിയുടെ പടിഞ്ഞാറെയറ്റത്ത് ചുവന്ന സൂര്യന്‍ പൂഴിയില്‍ മുഖം പൂഴ്ത്താന്‍ തുടങ്ങുന്നു. മരുഭൂമിക്കിപ്പോള്‍ ചെമ്പഴുക്കയുടെ നിറമാണ്. മണല്‍ക്കൂനകള്‍ക്ക് ആരോ കാവി പൂശിയിരിക്കുന്നു, സൂര്യന്‍ പൂര്‍ണമായും മണലില്‍ പൂണ്ടുകഴിഞ്ഞാല്‍ മരുഭൂമി ദിക്കറ്റതാവും. എന്റെ മനോഗതം മനസ്സിലാക്കിയിട്ടാവണം സാദ് മാനത്തിന്റെ വിളുമ്പിലേക്ക് വിരല്‍ ചൂണ്ടി. ഒരു വെള്ളിത്തളികപോലെ ചന്ദ്രന്‍ ഉദിച്ചുയരുന്നു. സൂര്യനെപ്പോലെ നിറം മാറുന്നതവനല്ല ചന്ദ്രന്‍.

“നിലാവ് പൊഴിയാന്‍ തുടങ്ങിയാല്‍ മരുഭൂമി കിലുകിലെ ചിരിക്കാന്‍ തുടങ്ങും. രാത്രിയിലാണ് മരുഭൂമി യൗവനയുക്തയാവുന്നത്. രാത്രി മരുഭൂമിക്ക് അവളുടെ മനസ്സിലെ ഉന്മാദം അടക്കാനാവില്ല”. സാദിന്റെ ഉള്ളിന്റെയുള്ളിലെ അതിപുരാതനനായ പ്രണയകവി ഉണര്‍ന്നു. ഞാന്‍ നിശ്ശബ്ദനായി സാദിന്റെ കവിതക്ക് കാതോര്‍ത്തിരുന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ സാദ് ആഹ്ലാദത്തോടെ പറഞ്ഞു. പ്രാചീനമായ ഒരു ഒട്ടകപ്പാതയിലാണ് നമ്മളിപ്പോള്‍.

“ഒട്ടകപ്പാതയോ അതെന്താണ്…?”.

സാദ് എന്നെ നോക്കി ചിരിച്ചു.

‘ചന്ദ്രോത്സവം’ ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്റെ മനസ്സ് സാദും കേട്ടു

“വഴികളിലൂടെ മാത്രമേ നമുക്ക് സഞ്ചരിക്കാന്‍ ആവൂ. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പാതകള്‍ വേണം. കപ്പലുകള്‍ക്ക് കപ്പല്‍ചാലുകള്‍ വേണം. വിമാനങ്ങള്‍ക്ക് വ്യോമപഥങ്ങള്‍ വേണം. കാരവനുകള്‍ക്ക് ഒട്ടകപ്പാതകള്‍ വേണം. നിയതമായ ഒരു സഞ്ചാരപഥത്തിലൂടെ മാത്രമേ ഒട്ടകങ്ങള്‍ക്ക് മരുഭൂമി താണ്ടാനാവൂ”.

അതെനിക്കൊരു പുതിയ അറിയാവായിരുന്നു. മംഗോളിയയില്‍ നിന്നാരംഭിച്ച് മരുഭൂമികളെ ചുറ്റിപ്പിണഞ്ഞുപോവുന്ന സില്‍ക്ക് റൂട്ടിനെക്കുറിച്ച് ഞാനോര്‍ത്തു. ഏറ്റവും പ്രാചീനമായ ഒരു ഒട്ടകപ്പാതയല്ലേ അത്! പട്ടുമായി ഒട്ടകങ്ങള്‍ പോയിരുന്ന ആ പാതയിലൂടെ ഇന്ന് മയക്കുമരുന്നുകള്‍ പ്രയാണം നടത്തുന്നു.

“ഈ പാതയിലൂടെ പട്ടും കുന്തിരിക്കയും കയറ്റിയ കാരവനുകള്‍ ഇടതടവില്ലാതെ നൂറ്റാണ്ടുകളോളം കടന്നുപോയിട്ടുണ്ടാവണം. അവക്ക് വഴി കാണിക്കാന്‍ ഇന്നത്തെപ്പോലെ ചന്ദ്രന്‍ അന്നും ഉദിച്ചുയര്‍ന്നിരിക്കണം”.

“ഒരു കാരവന്റെ കൂടെ മരുഭൂമി താണ്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”.

സാദ് ചിരിച്ചു.

“സമയം വൈകിപ്പോയി. ഇന്ന് കാരവനുകളില്ല നിനക്ക് വേണമെങ്കില്‍ ഒരു ലോറിയില്‍ നാടുചുറ്റാം”.

ഭ്രാന്തമായ വേഗത്തില്‍ സാദിന്റെ വണ്ടി കുതിച്ചുകൊണ്ടിരിക്കുന്നു. എന്നെയും കൊണ്ട് സാദ് എങ്ങോട്ടാണ് പോവുന്നത്? അറ്റമില്ലാത്ത മരുഭൂമിയില്‍ തള്ളാനാണോ പോവുന്നത്? സീതയെ രാമന്റെ കല്‍പന പ്രകാരം ലക്ഷ്മണന്‍ ആരണ്യം കാണിക്കാന്‍ കൊണ്ടുപോകുന്നതുപോലെ.

നിഴലുകളില്ലാത്ത രഹസ്യമയിയായ നിലാവ് ചുറ്റും ഓളം വെട്ടിക്കൊണ്ടിരുന്നു. ഞാനിതുപോലെ ഇതിന് മുമ്പൊരിക്കലും നിലാവറിഞ്ഞിട്ടില്ല. എനിക്കും സാദിനും ചന്ദ്രനുമിടയില്‍ ഇപ്പോളാരുമില്ല. ചന്ദ്രഗോളത്തിനപ്പുറം മുപ്പത്തിമേേുക്കാടി നക്ഷത്രങ്ങള്‍ ഞങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.

ഇങ്ങനെ നിലാവറിയാനിറങ്ങിയ സാദിന്റെ പൂര്‍വികര്‍ നക്ഷത്രങ്ങളുടെ രഹസ്യം തേടിയതില്‍ അത്ഭുതമില്ല. നക്ഷത്രമുള്ള ഭ്രമണ പഥങ്ങള്‍ ഗണിച്ചെടുത്തതില്‍ അത്ഭുതമില്ല. ഒരു മരുപ്പച്ചയില്‍ നിന്ന് മറ്റൊരു മരുപ്പച്ചിയിലേക്കുള്ള പ്രയാണങ്ങളില്‍ അവര്‍ക്ക് സല്ലപിക്കാന്‍ ഈ ചന്ദ്രനും ഈ താരകങ്ങളും മാത്രം. മനുഷ്യ ജീവിതത്തിന്റെ പ്രണയവും പ്രണയ ഭംഗവും അങ്ങനെയായിരിക്കണം അവര്‍ ഈ നക്ഷത്രങ്ങളോട് ചേര്‍ത്തുവച്ചത്.

ശാപവും മോക്ഷവും മുക്തിയും നിറഞ്ഞ ജാതക കഥകള്‍ ഓരോ നക്ഷത്രത്തിനുമുണ്ടായി. അങ്ങനെ നക്ഷത്രങ്ങള്‍ രാജകുമാരന്‍മാരും കുമാരികളും പ്രണയിനികളുമൊക്കെയായി മാറി. എന്റെ മനസ്സ് നക്ഷത്രങ്ങളിലേക്ക് പറക്കാന്‍ തുടങ്ങിയത് സാദ് അറിഞ്ഞ് കാണില്ല. അകലെ ഞങ്ങളുടെ ദൃശ്യപഥത്തില്‍ ആള്‍ക്കാരും വെളിച്ചവും തെളിഞ്ഞുവന്നു. സാദിന്റെ ലക്ഷ്യമതാണെന്ന് ഞാനറിഞ്ഞു.

“ഒരു ബദു ഗ്രാമം… ”
“അതെ പണ്ടവര്‍ ബദുക്കളായിരുന്നിരിക്കണം. മരുഭൂമിയില്‍ അലഞ്ഞുനടന്നിരുന്ന നൊമാഡുകള്‍.. അവരല്ല അവരുടെ പൂര്‍വ്വപിതാക്കള്‍”

അകലെക്കാഴ്ചയില്‍ നിലാവുകളോടൊപ്പം തീകുണ്ഡങ്ങളുടെ മഞ്ഞയും ചുവപ്പും ചേര്‍ന്ന് രമിക്കുന്ന വെളിച്ചത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന കുറേ നിഴലുകള്‍ നിറഞ്ഞ നിലാവില്‍ ഉല്ലസിച്ചുകൊണ്ടിരിക്കുന്ന ഒരു ആള്‍ക്കൂട്ടമാണിതെന്ന് അറിവ് പെട്ടുന്നുളവായി. നഗരത്തിന്റെ മടുപ്പില്‍ നിന്ന് പൂര്‍വപിതാക്കളുടെ ആഹ്ലാദത്തിന്റെ ഒരംശം സ്വന്തമാക്കാന്‍ ഒത്തുകൂടിയവര്‍. മുത്തശ്ശിക്കഥകളില്‍ നിന്ന് കേട്ടറിഞ്ഞ നിലാവിലേക്ക് ജീവിതത്തിലേക്ക് ഒരു രാത്രി കപ്പം കൊടുക്കാന്‍ ഇറങ്ങിവര്‍. അവര്‍ സാദിന്റെ സുഹൃത്തുക്കളായിരുന്നു.

“ഈ കൂട്ടായ്മയിലേക്ക് ഒരിക്കല്‍ നിന്നെയും പങ്ക് ചേര്‍ക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു”

“ചന്ദ്രോത്സവം ..” ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്റെ മനസ്സ് സാദും കേട്ടു.

“അതെ ചന്ദ്രോത്സവം തന്നെ നമ്മളറിയാതെ എത്രയെത്ര മഴത്തിങ്കളുകള്‍ നഷ്ടപ്പെട്ടുകൊണ്ടിക്കുന്നു”.

ആള്‍ക്കൂട്ടം ആരവത്തോടെ ഞങ്ങളെ സ്വീകരിച്ചു. ഒരു റോമന്‍ ഗ്രീക്ക് സിനിമയിലേക്ക് അറിയാതെ ചെന്ന് പെട്ടതുപോലെ എനിക്ക് തോന്നി. പലയിടങ്ങളിലായ തീ എരിഞ്ഞുകൊണ്ടിരിക്കുന്നു. മുക്കാലികളില്‍ തൂക്കിയ കലശങ്ങളില്‍ മാംസം വെന്തുമലരുന്നതിന്റെ മാദക ഗന്ധം. രണ്ടുമുക്കാലികളില്‍ പിടിപ്പിച്ച ഉരുക്കുദണ്ഡ്. അതില്‍ ഒരാടിനെ കോര്‍ത്തിരിക്കുന്നു. താഴെ നീളത്തിലൊരു തീക്കുണ്ഡം. തലയും വാലും തോലും നീക്കിക്കഴിഞ്ഞാല്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യരൂപം തന്നെയാണുള്ളതെന്ന് ഒരു ഞെട്ടലോടെ ഞാനോര്‍ത്തു.

തീനും കുടിയും കളിയും ചിരിയുമായി ആ രാത്രി ഒടുങ്ങിക്കൊണ്ടിരുന്നു. സാദിന്റെ ഇന്ത്യന്‍ സുഹൃത്തിനെ അവരെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചത് എന്നെ അത്ഭൂതപ്പെടുത്തി. സത്യത്തില്‍ ഞാന്‍ സാദിന്റെ സുഹൃത്താണോ സാദിന്റെ വേലക്കാരനല്ലേ?, അവരൊടൊത്തു ഞാന്‍ നൃത്തമാടി. വട്ടം ചുറ്റി. എനിക്കറിയാത്ത പ്രണയഗീതങ്ങള്‍ ഏറ്റുപാടി.നിലാവസ്ഥമിക്കുന്നതിനു മുന്‍പ് സംഘം സംഘമായി ആള്‍ക്കാര്‍ യാത്രപറഞ്ഞ് പിരിഞ്ഞുകൊണ്ടിരുന്നു. അവരെ നഗരത്തിന്റെ തിരക്കില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റുമോ. അവരുടെ മുഖങ്ങളില്‍ നിലാവെഴുതിച്ചേര്‍ത്ത സ്‌നിഗ്ദത നഗരത്തിന്റെ തിരക്കല്‍ നഷ്ടപ്പെടില്ലേ?

എല്ലാവരും ഒഴിഞ്ഞുപോയി ഞാനും സാദുമാത്രം ബാക്കിയായി. നിലവസ്ഥമിക്കാന്‍ പോകുന്നു. രാത്രിയിലെ അവസാനയാമത്തിലെ ആദ്യത്തെ തണുത്തകാറ്റ് ഹുംഗാരത്തോടെ മരുഭൂമികള്‍ക്കപ്പുറത്തുനിന്ന് ആഞ്ഞടിക്കാന്‍ തുടങ്ങി.

അലയാഴിക്കും മരുഭൂമിക്കും ഒരുപാട് സമാനതകളുണ്ട്. വൈജാത്യങ്ങള്‍ അതിലുമേറെ. രണ്ടും ക്ഷിപ്രകോപികളാണ്. കടല്‍ പതുക്കെ ചൂടാവുകയും പതുക്കെ തണുക്കുകയുംചെയ്യുന്നു. മരുഭൂമി സൂര്യന്റെ ആദ്യ രശ്മിയേല്‍ക്കുമ്പോള്‍ തന്നെ ചുട്ടുപഴുക്കാന്‍ തുടങ്ങുന്നു. സൂര്യനസ്തമിച്ച് നിമിഷങ്ങള്‍ക്കകത്തുതന്നെ മരുഭൂമിയും തണുക്കുന്നു. സാദ് ചന്ദ്രനെ കണ്ണിമക്കാതെ നോക്കിക്കൊണ്ട് നിശ്ശബ്ദനായി ഏറെ നേരെ നിന്നു.

“മരുഭൂമിയെപ്പോലെ ഇത്രയേറെ ചന്ദ്രനെ പ്രണയിക്കാന്‍ മറ്റൊന്നിനുമാവില്ല”.

സാദിന്റെ ആവേശം കെടുത്തേണ്ടെന്ന് കരുതി ഞാന്‍ നിശ്ശബ്ദനായി സാദിന്റെ ആത്മാലാപം കേട്ടുകൊണ്ടിരുന്നു. പക്ഷേ, ചന്ദ്രന്റെ ദര്‍ശനത്തില്‍ പുളകിതയും വികാരവതിയുമാവുന്ന സമുദ്രത്തെ ഞാനെങ്ങനെ മറക്കും. എന്റെ മനസ്സില്‍ ഏറെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുണ്ടായി. ചന്ദ്രന്റെ ആശ്ലേഷത്തില്‍ മനം കുളിര്‍ത്തുനില്‍ക്കുന്ന ഹിമഗിരിനിരകള്‍ ഞാനോര്‍ത്തു. ലിബിയന്‍ മരുഭൂമിക്കപ്പുറത്ത് പാമീര്‍കൊടുമുടികളില്‍ മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ടാവുമെന്നും ഞാനോര്‍ത്തു. എന്റെ പ്രണയിനിയെ ആദ്യം ദര്‍ശിച്ച നാളില്‍ എന്റെ കിടപ്പുമുറിയുടെ ജാലകം വഴി എന്റെ മുറിയില്‍ നിറഞ്ഞ നിലാവിനെക്കുറിച്ച് ഞാനോര്‍ത്തു.

നിലാവും മരുഭൂമിയും കടന്ന് ഞങ്ങള്‍ തിരിച്ചുപോവുകയാണ്. “വന്ന വഴിയത്തന്നെയാണ് നമ്മള്‍ തിരിച്ചുപോവുന്നത്. പക്ഷേ വഴി തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറിയിരിക്കും. …..”

ഒരു അറബിയെപ്പോലെ മരുഭൂമിയും അതിന്റെ വഴികളും എനിക്ക് മനസ്സിലാകില്ല. അതിനാല്‍ ഞാന്‍ സാദിനെ നോക്കി വെറുതെ മന്ദഹസിച്ചു. “ഒരാള്‍ക്ക് ഒരു മരുഭൂമിയിലൂടെ രണ്ടു തവണ പോവാന്‍ പറ്റില്ല. ബുദ്ധന്‍ പറഞ്ഞതു പോലെ ഒരു പുഴയിലൂടെ രണ്ട് തവണ പോവാന്‍ പറ്റാത്തതുപോലെ….”

ഒരു വെളിപാടുപോലെ സാദ് വീണ്ടും പറഞ്ഞു. “എന്റെ ദൗര്‍ബല്യങ്ങളെ പിഴുതുകളയാനാണ് ഓരോ തവണയും ഞാന്‍ മരുഭൂമിയിലേക്ക് പോവുന്നത്. മാനസികമായി ശക്തനാകാന്‍, ജീവിതത്തോട് കൂടുതല്‍ കര്‍ക്കശ ചിത്തനാവാന്‍. പക്ഷേ ഓരോ തവണയും കൂടുതല്‍ സ്വപ്‌നങ്ങള്‍ മനസ്സില്‍ നിറച്ച് ഞാന്‍ തിരിച്ചുവരുന്നു. അര്‍ഥമില്ലാത്ത സ്വപ്‌നങ്ങള്‍…?.

ദമാമില്‍ നിന്ന് റിയാദിലേക്കുള്ള പെരുംപാതയില്‍ ഞങ്ങളെത്തി.

ഞാനും സാദിന്റെ ഒരു ദൗര്‍ബല്യമായിരുന്നു. അവന്‍ ഹൃദയത്തിലണിഞ്ഞ കങ്കണം. അവനത് ഊരിയെറിഞ്ഞിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ. അവന്‍ മാത്രമല്ല ഞാനും.