തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍. പ്രവാസി ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന ‘പ്രവാസി സീനിയര്‍ കെയര്‍ ഹോം’ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച.
കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അരുണ്‍ എസ്.നായര്‍ ഐ.എ.എസ്, അഡീഷണല്‍ ഡയറക്ടര്‍ എ.സ് ജലജ എന്നിവരുമായായിരുന്നു സംഘടനയുടെ കൂടിക്കാഴ്ച. പദ്ധതി സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ കൂടിക്കാഴ്ചയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. സാമ്പത്തികമായി സുസ്ഥിരമായ ഒരു സംയോജിത മാതൃകയാണ് പദ്ധതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നോര്‍ക്ക സെക്രട്ടറിയും നോര്‍ക്ക ഡയറക്റ്ററുമായും ബന്ധപ്പെട്ട് ഇത് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ ഉടനെ നടത്താമെന്ന് സാമൂഹ്യനീതി ഡയറക്റ്റര്‍ അറിയിച്ചതായും പദ്ധതിയുടെ സാധ്യതകളെയും നടപ്പാക്കല്‍ മാര്‍ഗങ്ങളെയും പറ്റി കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി നോര്‍ക്ക ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഒരു സംയുക്ത യോഗം ഉടനെ വിളിച്ചുചേര്‍ക്കാമെന്ന് ഡയറക്റ്റര്‍ അറിയിച്ചതായും സംഘടന അറിയിച്ചു.
കേരളത്തില്‍ മടങ്ങിയെത്തിയ സീനിയര്‍ പ്രവാസികളുടെ പുനരധിവാസത്തിന്റെ ഭാഗമായാണ് കെയര്‍ ഹോം ആരംഭിക്കുന്നതെന്ന് പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു. കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍, സാമൂഹ്യമായ സുരക്ഷിതത്വമില്ലായ്മ, വാര്‍ധക്യസഹജമായ രോഗങ്ങള്‍ എന്നിവ അഭിമുഖീകരിക്കുന്ന പ്രവാസികള്‍ക്കുവേണ്ടിയുള്ള സംരക്ഷണ കേന്ദ്രമായാണ് ‘പ്രവാസി സീനിയര്‍ കെയര്‍ ഹോം’ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഭക്ഷണം, ചികിത്സാസംവിധാനങ്ങള്‍ , വിനോദോപാധികള്‍ തുടങ്ങി അടിസ്ഥാനപരമായ എല്ലാ സംവിധാനങ്ങളും കെയര്‍ ഹോമില്‍ ഉണ്ടായിരിക്കുമെക്കുന്നും സംഘടന അറിയിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതാണെന്നും പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരത്താണ് ആദ്യ കെയര്‍ ഹോം ആരംഭിക്കുന്നതെന്നും സംഘടനാ പ്രസ്താവനയില്‍ പറയുന്നു.
പ്രവാസി ലീഗല്‍ സെല്ലിനെ പ്രതിനിധീകരിച്ച് കേരള ചാപ്റ്റര്‍ ജന.സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍, ഭരണസമിതി അംഗങ്ങളായി അനില്‍ അളകാപുരി, നന്ദഗോപകുമാര്‍, എം എം സലിം, നിയാസ് പൂജപ്പുര, പി .കെ ഉമ്മന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
Content Highlight: Pravasi Senior Care Home; Pravasi Legal Cell representatives meet with the Director of the Social Justice Department
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.