കൊച്ചി: പ്രവാസി പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായി വൈകുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ കുടിശ്ശിക പെന്‍ഷന്‍ തുകകളുടെ കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനായി പ്രവാസി ക്ഷേമ ബോര്‍ഡ് ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി.
അടുത്ത മാസം 13നാണ് കോടതി ഹരജി പരിഗണിക്കുക. പ്രവാസി പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായി വൈകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
നേരത്തെ ജനുവരി 29നും മെയ് 29നും ഹരജികള്‍ കോടതി പരിഗണിച്ചിരുന്നു. ജനുവരി 29നും സര്‍ക്കാരിനും പ്രവാസി ക്ഷേമബോര്‍ഡിനും മറുപടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മെയ് 29-ന് കേസ് പരിഗണിച്ചപ്പോള്‍ പ്രവാസി ക്ഷേമബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പെന്‍ഷന്‍ വിതരണം നടക്കുന്നുണ്ടെന്നും കുടിശ്ശിക തുകകള്‍ യഥാസമയം നല്‍കുമെന്നും കോടതിയെ അറിയിച്ചിരുന്നു.
പിന്നീട് വ്യാഴാഴ്ച (ജൂണ്‍ 11) കോടതി കേസ് പരിഗണിച്ചപ്പോള്‍ കുടിശ്ശിക പെന്‍ഷന്‍ തുകകളുടെ കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനായി ബോര്‍ഡ് കൂടുതല്‍ സമയം ആവശ്യപ്പെടുകയും കോടതി കേസ് 2026 ജൂലൈ 13-ലേക്ക് മാറ്റിവെക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാരും പ്രവാസി ക്ഷേമബോര്‍ഡും ബോധിപ്പിക്കേണ്ട സാഹചര്യമാണിപ്പോള്‍ നിലവിലുള്ളതെന്ന് ഹരജിക്കാരായ പ്രവാസി ലീഗല്‍ സെല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പെന്‍ഷന്‍ വിതരണം വൈകുന്ന പ്രശ്‌നം ഇപ്പോള്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് എന്നതാണ് കോടതി നടപടികള്‍ സൂചിപ്പിക്കുന്നതെന്നും ലീഗല്‍സെല്‍ വ്യക്തമാക്കി.
‘പ്രവാസി പെന്‍ഷന്‍ വിതരണം വൈകുന്ന പ്രശ്‌നം ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമായിരിക്കുകയാണ് എന്നതാണ് കോടതി നടപടികള്‍ സൂചിപ്പിക്കുന്നത്. പെന്‍ഷന്‍ വിതരണം വൈകുന്നതിന്റെ കാരണങ്ങളും കുടിശ്ശിക തീര്‍പ്പാക്കുന്നതിലുള്ള കാലതാമസവും ഭാവിയില്‍ കൃത്യസമയത്ത് പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളും സര്‍ക്കാരിനും പ്രവാസി ക്ഷേമബോര്‍ഡിനും കോടതിയെ ബോധ്യപ്പെടുത്തേണ്ട സാഹചര്യമാണിപ്പോള്‍ നിലവിലുള്ളത്,’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ലീഗല്‍ സെല്‍ വ്യക്തമാക്കി.
Content Highlight: Pravasi Pension- KNRKWB Seeks More time, Court Will Oversee Procedures