തിരുവനന്തപുരം: ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികള്‍’ എന്ന വിഷയം മുഖ്യ പ്രമേയമായി പ്രവാസി ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ‘പ്രവാസി മീറ്റ്-2025’ ജൂണ്‍ 28-ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടന്നു.
തിരുവനന്തപുരം പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സ് മേജര്‍ ശശാങ്ക് ത്രിവേദിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. വിദേശ രാജ്യങ്ങളില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പ്രവാസിമലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രവാസി ലീഗല്‍ സെല്ലുമായി സഹകരിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ടവര്‍ക്ക് സൗജന്യമായ നിയമസഹായം ഉറപ്പുവരുത്തുന്ന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
2009-2025 പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം റിപ്പോര്‍ട്ട് ചെയ്യുന്നു
നോര്‍ക്കാ റൂട്‌സും പ്രവാസി ക്ഷേമബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് അവകാശമുണ്ടെന്നും തന്റെ ഓഫീസിനെ പ്രവാസികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
പുതിയകാലത്തെ മലയാളി കുടിയേറ്റത്തിന്റെ പൊള്ളത്തരങ്ങളെപ്പറ്റിയാണ് ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയ പ്രശസ്ത കുടിയേറ്റ പഠന വിദഗ്ധനും ഐ.ഐ.എം.എ.ഡി തലവനുമായ പ്രൊഫസര്‍ ഇരുദയരാജന്‍ പറഞ്ഞത്. കടംവാങ്ങി വിറ്റുപെറുക്കിയ തുകകൊണ്ട് വിദേശത്ത് പോവുകയും വിദേശത്തുനിന്നും കടം വാങ്ങി നാട്ടിലയക്കുകയും ചെയ്യുന്ന വിഷമവൃത്തമാണ് സമകാലീന മലയാളി കുടിയേറ്റത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം പരിഹസിച്ചു.
ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്ററിന്റെ പ്രസിഡന്റും മുന്‍ ജില്ലാ ജഡ്ജും കേരളാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സനുമായ പി. മോഹനദാസ് അധ്യക്ഷത വഹിച്ചു. നിലവില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സേവനങ്ങളുടെ പരിധിയില്‍ നിന്നും 60 വയസിന് താഴെയുള്ള പ്രവാസി പുരുഷന്മാരെ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ പോലും അവരുടെ നാട്ടിലുള്ള ബന്ധുക്കളായ സ്ത്രീകള്‍ വഴി വിഷയങ്ങള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഇടപെടല്‍ സാധ്യമാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയിലും ഓപ്പണ്‍ ഫോറത്തിലും പ്രവാസികള്‍ തങ്ങളുടെ വിവിധങ്ങളായ വിഷയങ്ങള്‍ അവതരിപ്പിച്ചു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റായ അഡ്വ. ജോസ് ഏബ്രഹാം മോഡറേറ്ററായിരുന്നു. വിശദമായ പഠനങ്ങള്‍ക്കുശേഷം കൃത്യമായ ഉപദേശം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികളായ മേജര്‍ ശശാങ്ക് ത്രിവേദി, പി. മോഹനദാസ്, എസ്. ഷംനാദ്, എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സൗദി അറേബ്യയിലെ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ നിന്നും സേവനാനന്തര ആനുകൂല്യങ്ങള്‍ കൊടുക്കാതെ പുറത്താക്കിയ 140 തൊഴിലാളികളുടെ കാര്യം യോഗത്തില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു.
ഇന്ത്യയിലെ കോടതികള്‍ വഴി നിയമപരമായും രാഷ്ട്രീയമായുമുള്ള പരിഹാരത്തിന് പ്രവാസി ലീഗല്‍ സെല്‍ ശ്രമിക്കുമെന്ന് അഡ്വ. ജോസ് ഏബ്രഹാം പറഞ്ഞു. ഇതിനുള്ള കര്‍മപരിപാടികള്‍ ഉടനെ തയ്യാറാക്കും. സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത്, സാമൂഹ്യപ്രവര്‍ത്തക ഷീബ രാമചന്ദ്രന്‍, ബഷീര്‍ പാണ്ടിക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രവാസി ലീഗല്‍ സെല്‍ ഭരണസമിതി അംഗങ്ങളായ തല്‍ഹത്ത് പൂവച്ചല്‍, നന്ദഗോപകുമാര്‍, നിയാസ് പൂജപ്പുര, ശ്രീകുമാര്‍ എന്നിവര്‍ യഥാക്രമം മേജര്‍ ശശാങ്ക് ത്രിവേദി, പ്രൊഫ. ഇരുദയരാജന്‍, എസ്. ഷംനാദ്, എം .എസ് ഫൈസല്‍ ഖാന്റെ പ്രതിനിധി രാജേഷ് കുമാര്‍ എന്നിവര്‍ക്ക് നല്‍കി.
ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ സൗദി ചാപ്റ്റര്‍ ഉദ്ഘാടനം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നിര്‍വ്വഹിച്ചു. സൗദി കോ-ഓര്‍ഡിനേറ്ററായ പീറ്റര്‍ അബ്രഹാം ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രവാസി ലീഗല്‍ സെല്ലിന്റെ 2009 മുതല്‍ 2025 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ബുക്ക് ലെറ്റിന്റെ പ്രകാശനം ഭരണസമിതി അംഗം ജിഹാന്ഗിര്‍ നിര്‍വഹിച്ചു.
കന്യാകുമാരി ജില്ലയിലുള്ള നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയുടെ ഉടമസ്ഥതയിലുള്ള നൂറുള്‍ ഇസ്‌ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (NICHE), Deemed-to-be University-bnse (https://www.niuniv.com/index.php) സയന്‍സ്, കൊമേഴ്സ്, എന്‍ജിനീയറിങ്, ഐ.ടി, പാരാമെഡിക്കല്‍ തുടങ്ങിയ വിവിധ കോഴ്സുകളില്‍ നിന്നും അഞ്ച് സീറ്റുകള്‍ പ്രവാസി ലീഗല്‍ സെല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ് അടക്കം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് നിംസ് പ്രതിനിധിയും സീനിയര്‍ മാനേജരുമായ രാജേഷ് കുമാര്‍ പറഞ്ഞു. ഇപ്പോള്‍ അഡ്മിഷന്‍ നടന്നുവരുകയാണ്. ഈ വര്‍ഷം തന്നെ പ്രവേശനം നല്‍കും. ഇതിന്റെ നടപടികള്‍ ഉടനെ പ്രവാസി ലീഗല്‍ സെല്ലിനെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് പി. മോഹനദാസ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍ സ്വാഗതവും ട്രെഷറര്‍ തല്‍ഹത്ത് പൂവച്ചല്‍ നന്ദിയും പറഞ്ഞു. പി.എല്‍.സി ഇടുക്കി കോ -ഓര്‍ഡിനേറ്റര്‍ ആയ ബെന്നി പെരികിലത്ത് അവതാരകനായിരുന്നു.