പ്രവാസി കൂട്ടായ്മയില്‍ സിനിമ; 'പകല്‍ മായും മുന്‍പേ' പ്രകാശനം ചെയ്തു
Daily News
പ്രവാസി കൂട്ടായ്മയില്‍ സിനിമ; 'പകല്‍ മായും മുന്‍പേ' പ്രകാശനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2014, 12:33 pm

[] ദമ്മാം: പ്രവാസി കൂട്ടായ്മയില്‍ തനിമ ക്രിയേഷന്‍സ് നിര്‍മ്മിച്ച “പകല്‍ മായും മുന്‍പേ” ഷോര്‍ട്ട് ഫിലിം പ്രകാശനം വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ശിവന്‍ മേനോന് സി.ഡി നല്‍കി ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് നിര്‍വഹിച്ചു. പ്രവാസ ലോകത്ത് അപൂര്‍വ്വമായി ഉയര്‍ന്നു വരുന്ന ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ വിഷയങ്ങള്‍ കലാ രംഗത്തുള്ളവര്‍ സമൂഹത്തിന് മുന്നില്‍ എത്തിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കിംഗ് ഫഹദ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ റുഖീസ് ടീ മുഖ്യ പ്രയോജകരായി സംഘടിപ്പിച്ച സൗഹൃദ സംഗമം വീക്ഷിക്കാന്‍ പ്രവിശ്യയിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖകരും സ്ത്രീകളും കുട്ടുകളുമടക്കം നൂറു കണക്കിനു പേര്‍ സന്നിഹിതരായിരുന്നു. പ്രദീപ് കൊട്ടിയം ആശംസാ പ്രസംഗം നിര്‍വഹിച്ചു. പ്രവാസ ജീവിതത്തിലും വ്യക്തിമുദ്രകള്‍ പതിപ്പിച്ച് കടന്നു പോകുന്നവരാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുള്ളവരെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയുടെ സംവിധായകാന്‍ നിസാര്‍ റൂമി, അസോസിയേറ്റ് കാമറ മാന്‍ ബിജു പൂതക്കുളം, കഥ എഴുതിയ റഷീദ് കെ.എം. നീര്‍ക്കുന്നം, ഗാന രചയിതാവ് സാജിദ് ആറാട്ടുപുഴ, ബാലവേഷമിട്ട അഫ്‌സല്‌റൂമി, സമീര്‍ കായംകുളം, ഷാനവാസ് കെ.എ എന്നിവരെ ചടങ്ങില് ആദരിച്ചു. ഹംസ അബ്ബാസ്, കെ.എം ബഷീര്‍, മുഹമ്മദ് നജാത്തി, സി.പി മുസ്തഫ, ക്ലിക്കോണ്‍ ഓപറേഷന്‍സ് മാനേജര്‍ രിംഷാന് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

കല്യാണി രാജ് കുമാര്‍, ഗോപിക സുനില്‍, സുരേഷ് കൊല്ലം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റഊഫ് ചാവക്കാട് കവിത ആലപിച്ചു. മലര്‍വാടി കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, അറബിക് കലാരൂപം, കിഡ്‌സ് ഡാന്‍സ് എന്നിവയും അരങ്ങേറി. സബ അലി മോണോ ആക്റ്റ് അവതരിപ്പിച്ചു. “പകല്‍ മായും മുന്‍പേ” സിനിമയുടെ പ്രദര്‍ശനവും നടന്നു. ഷബീര്‍ ചാത്തമംഗലം നന്ദി പറഞ്ഞു.