ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നത്; ഡി.വൈ.എഫ്.ഐ നേതാക്കളുമായുള്ള തര്‍ക്കം വാര്‍ത്തയാക്കിയതിന് മാധ്യമങ്ങള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പ്രതിഭ എം.എല്‍.എ
kERALA NEWS
ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നത്; ഡി.വൈ.എഫ്.ഐ നേതാക്കളുമായുള്ള തര്‍ക്കം വാര്‍ത്തയാക്കിയതിന് മാധ്യമങ്ങള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പ്രതിഭ എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 11:45 am

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുമായുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ വിവാദപരാമര്‍ശവുമായി യു.പ്രതിഭ എം.എല്‍.എ. ഫേസ്ബുക്ക് ലൈവിലായിരുന്നു. എം.എല്‍.എയുടെ പ്രതികരണം.

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കാനുമാണ് എം.എല്‍.എ പറഞ്ഞത്.

‘ഒന്നോ രണ്ടോ പേരോ എന്തെങ്കിലും പറഞ്ഞാല്‍ അത് യുവജന സംഘടനയുടെ മൊത്താം അഭിപ്രായമാണെന്ന് പറഞ്ഞ നിങ്ങളോട് എനിക്കിതെ പറയാനുള്ളൂ.  ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ട്. അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണം നിങ്ങള്‍’, എന്നായിരുന്നു എം.എല്‍.എ പറഞ്ഞത്.


നേരത്തെ കായംകുളത്തെ ഡി.വൈ.എഫ്.ഐയും എം.എല്‍.എയും തമ്മിലുള്ള വാക്ക് തര്‍ക്കം വാര്‍ത്തയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു.പ്രതിഭ എം.എല്‍.എ എന്നായിരുന്നു പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമര്‍ശനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ കളിയാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. എം.എല്‍.എയ്‌ക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണമെന്ന പ്രാദേശിക നേതാവിന്റെ വാട്‌സാപ് സന്ദേശം പുറത്തായതോടെ സി.പി.ഐ.എം നേതൃത്വവും പ്രതിരോധത്തിലായി.

സംഭവം വിവാദമായതോടെ ചിലര്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മിനിസ ജബ്ബാര്‍, ഏരിയ വൈസ് പ്രസിഡന്റ് സാജി ഷാജഹാന്‍ എന്നിവരുടെ ഫേസ്ബുക് പേജുകളിലാണ് എം.എല്‍.എയ്‌ക്കെതിരായ പോസ്റ്റുകള്‍ വന്നിരുന്നത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് എം.എല്‍.എ ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കേണ്ടത് ഈ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നായിരുന്നു സാജിദ് ഷാജഹാന്റെ പോസ്റ്റിലെ വരികള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എം.എല്‍.എ വീട്ടില്‍ ഇരുന്നോ. പക്ഷേ, ഓഫിസ് തുറക്കുക… ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സഹായമെത്തിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. മെഡിക്കല്‍ സ്റ്റോറുകളുടെ പേരുകള്‍ കായംകുളം നിവാസികള്‍ക്കറിയാം. സൗജന്യമായി മരുന്നെത്തിക്കുന്നിടത്താണ് ഒരു ജനപ്രതിനിധിയുടെ വിജയം’ എന്നും പോസ്റ്റില്‍ ഉണ്ടായിരുന്നു.

എം.എല്‍.എയുടെ ഓഫിസ് സ്റ്റാഫുകള്‍ക്ക് ഓഫിസില്‍ വന്നു പ്രവര്‍ത്തിക്കാന്‍ മടിയാണെങ്കില്‍ ഡി.വൈ.എഫ്.ഐ സഖാക്കള്‍ ഓഫിസില്‍ വന്നു പ്രവര്‍ത്തിക്കാന്‍ തയാര്‍ ആണെന്നും കളിയാക്കിയിരുന്നു.

എന്നാല്‍ കൊവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്നായിരുന്നു ആ വിമര്‍ശനത്തോട് പ്രതിഭ എം.എല്‍.എയുടെ മറുപടി. ഇതോടെ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ഇതിന് പിന്നാലെ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി എം.എല്‍.എ ഓഫിസ് പ്രവര്‍ത്തിക്കുന്ന ചിത്രമിട്ടാണ് യു. പ്രതിഭ പ്രതികരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച്ച് ചില വിഷപാമ്പുകളെ മാളത്തില്‍ നിന്ന് ഇറക്കാനുണ്ടെന്നു ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം യു.പ്രതിഭ എംഎല്‍എ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

വിഷയത്തില്‍ സി.പി.ഐ.എം ആലപ്പുഴ ജില്ലാ നേതൃത്വവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്. എം.എല്‍.എയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് സി.പി.ഐ.എം ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു.

WATCH THIS VIDEO: