വെറും മൂന്ന് സിനിമകള്‍ കൊണ്ട് ആരും ശ്രദ്ധിക്കാതെ കിടന്ന കന്നഡ ഇന്‍ഡസ്ട്രിയെ കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് പ്രശാന്ത് നീല്‍. ഉഗ്രം എന്ന ഗ്യാങ്സ്റ്റര്‍ ചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്ന പ്രശാന്ത് കെ.ജി.എഫ് സിരീസിലൂടെ കന്നഡ സിനിമയുടെ തലവര മാറ്റിക്കുറിച്ചു. ഇപ്പോള്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലാണ് പ്രശാന്ത് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.
എന്നാല്‍ ഡ്രാഗണിന്റെ ഗ്ലിംപ്‌സും പുറത്തുവന്നതോടെ പ്രശാന്ത് നീലിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. എല്ലാ സിനിമയിലും ഒരേ കളര്‍ ടോണ്‍ തന്നെയാണ് പ്രശാന്ത് ഉപയോഗിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കെ.ജി.എഫിലും സലാറിലുമുള്ള അതേ കരിപുരണ്ട ടോണ്‍ തന്നെയാണ് ഡ്രാഗണിലും ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് ആവര്‍ത്തന വിരസതയുണ്ടാക്കുന്നുണ്ടെന്നും വിമര്‍ശനമുണ്ട്. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് പ്രശാന്ത് നീല്‍.
പ്രശാന്ത് നീല്‍ Photo: Screen Grab/ Galatta Plus
‘കളര്‍ഫുള്ളായിട്ടുള്ള ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിന് വേണ്ടി ഒരു കഥയും തയാറാക്കിയിട്ടുണ്ട്. ഒരു മിത്തോളജി സബ്‌ജെക്ടാണത്. സത്യം പറഞ്ഞാല്‍ പത്തിരുപത് വര്‍ഷമായി ഞാന്‍ ആ ഒരു കഥ മനസില്‍ കൊണ്ട് നടക്കുന്നുണ്ട്. അതിനിടയില്‍ ചെയ്യുന്ന സിനിമകളാണ് ഇതൊക്കെ. ഇപ്പോള്‍ എനിക്കുള്ള കമ്മിറ്റ്‌മെന്റുകള്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അത്തരമൊരു സിനിമ ചെയ്യും,’ പ്രശാന്ത് നീല്‍ പറഞ്ഞു.
ഡ്രാഗണ് വേണ്ടി എന്‍.ടി.ആര്‍ നടത്തിയ മേക്ക് ഓവറിനെക്കുറിച്ചും പ്രശാന്ത് നീല്‍ സംസാരിച്ചു. ചിത്രത്തിനായി എന്‍.ടി.ആര്‍ ശരീരഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. പുതിയ ഗെറ്റപ്പ് പുറത്തുവന്നതിന് പിന്നാലെ പലരും തന്നെ വിമര്‍ശിക്കുന്നത് കാണാറുണ്ടെന്നും എന്നാല്‍ അതില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറയുന്നു.
ഡ്രാഗണ്‍ Photo: Screen grab/ Mythri Movie Makers
‘ആര്‍.ആര്‍.ആറില്‍ നിന്ന് ഈ സിനിമയിലേക്കെത്തിയപ്പോള്‍ തടി കുറച്ച് ലേശം തിന്‍ ആകണമെന്ന് മാത്രമേ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞുള്ളൂ. എന്നാല്‍ അദ്ദേഹം അത് വല്ലാതെ സീരിയസായെടുത്തു. നാല് മാസം കൊണ്ട് 15 കിലോയാണ് താരക് കുറച്ചത്. പുതിയ മേക്കോവര്‍ കണ്ട് ഞാന്‍ പോലും ഞെട്ടി. അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിക്കുകയും അതില്‍ എനിക്ക് പങ്കില്ലെന്ന് പറയുകയും ചെയ്തു,’ പ്രശാന്ത് നീല്‍ പറഞ്ഞു.
Content Highlight: Prashanth Neel saying he like to do Colorful movies