ജഗ്ഗി വാസുദേവ് ഒരു ഫ്രോഡാണ്, ഈ തട്ടിപ്പുവീരനെതിരെ ശക്തമായ അന്വേഷണം നടത്തണം; പ്രശാന്ത് ഭൂഷണ്‍
national news
ജഗ്ഗി വാസുദേവ് ഒരു ഫ്രോഡാണ്, ഈ തട്ടിപ്പുവീരനെതിരെ ശക്തമായ അന്വേഷണം നടത്തണം; പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 12:29 pm

ന്യൂദല്‍ഹി: ജഗ്ഗി വാസുദേവിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ന്യൂസ് ലൗണ്ട്രിയുടെ ലേഖനം ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജഗ്ഗി ഒരു തട്ടിപ്പുവീരനാണെന്നും ഇയാള്‍ക്കെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഭൂഷണ്‍ ട്വിറ്ററിലെഴുതി.

‘സദ്ഗുരു തന്റെ ഇഷ സാമ്രാജ്യം എങ്ങനെ പണിതു. നിയമവിരുദ്ധമായി. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ 150 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈയ്യേറിയതാണ്. ഈ തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം’, പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതി.

മുമ്പ് തമിഴ്നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജനും ജഗ്ഗി വാസുദേവിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ജഗ്ഗി വാസുദേവ് നിയമലംഘകന്‍ തന്നെയാണെന്നും ഇന്നല്ലെങ്കില്‍ നാളെ അയാളതിന് പിഴയൊടുക്കേണ്ടി വരുമെന്നും പളനിവേല്‍ പറഞ്ഞിരുന്നു.

നേരത്തെ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ജഗ്ഗി വാസുദേവ് ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടി എന്തും ചെയ്യുന്ന കപട സന്യാസിയാണെന്നും പണം കണ്ടെത്താന്‍ എന്ത് ചെയ്യാമെന്നാണ് അദ്ദേഹം ആലോചിച്ചു കൊണ്ടിരിക്കുന്നതെന്നും പളിനിവേല്‍ പറഞ്ഞിരുന്നു.

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ നിന്ന് ചില ക്ഷേത്രങ്ങളെ ഒഴിവാക്കി നടത്തിപ്പ് അവകാശം ഭക്തര്‍ക്ക് നല്‍കണമെന്നും ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നും ഇഷ യോഗ സെന്റര്‍ സ്ഥാപകന്‍ ജഗ്ഗി വാസുദേവ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു പി.ടി.ആര്‍ പളനിവേല്‍ പറഞ്ഞത്.

‘പലരും പല ശബ്ദങ്ങളും ഉയര്‍ത്തും. ഇത് സമൂഹത്തിന്റെ നല്ലതിനെ തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്നും’ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പളനിവേല്‍ പറഞ്ഞു.

ദി ഹിന്ദു അഭിമുഖത്തില്‍ ജഗ്ഗി വാസുദേവിനെതിരെ പളിനിവേല്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ദൈവത്തില്‍ മാത്രം അധിഷ്ഠിതമായി ജീവിക്കുന്ന ഒരു സന്യാസി 5 ലക്ഷത്തിനും, 50,000ത്തിനും, 5,000ത്തിനുമുള്ള നവരാത്രി ടിക്കറ്റുകള്‍ വില്‍ക്കുമോ എന്ന് അഭിമുഖത്തില്‍ പളനിവേല്‍ ചോദിച്ചു.

‘ദൈവത്തില്‍ മാത്രം അധിഷ്ഠിതമായി ജീവിക്കുന്ന ഒരു സന്യാസി 5 ലക്ഷത്തിനും, 50,000ത്തിനും, 5,000ത്തിനുമുള്ള നവരാത്രി ടിക്കറ്റുകള്‍ വില്‍ക്കുമോ? അതാണോ ഒരു സന്യാസിയുടെ ലക്ഷണം? അതാണോ ഒരു ആത്മീയ വാദിയുടെ ലക്ഷണം? സ്വന്തം കാര്യത്തിനായി ദൈവത്തേയും മതത്തേയും കൂട്ടു പിടിക്കുന്ന സാമ്പത്തിക ഇടപാടുകാരന്‍ മാത്രമാണ് ജഗ്ഗി വാസുദേവ്,’ പളനിവേല്‍ പറഞ്ഞു.

ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനെക്കുറിച്ച് അന്വേഷിക്കുമെന്ന് പളനിവേലും എച്ച്.ആര്‍ ആന്‍ഡ് സി. ഇ മന്ത്രി പി. കെ ശേഖര്‍ ബാബുവും അറിയിച്ചിട്ടുണ്ട്. അവിടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Higlights: Prashant Bhushan Tweet Aganist Jaggi Vasudev