'എന്ത്, 'ഝാന്‍സി റാണി'യ്ക്ക് വരെ ജോലിയില്ലെന്നോ'!; കങ്കണയെ ട്രോളി പ്രശാന്ത് ഭൂഷണ്‍
national news
'എന്ത്, 'ഝാന്‍സി റാണി'യ്ക്ക് വരെ ജോലിയില്ലെന്നോ'!; കങ്കണയെ ട്രോളി പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2021, 8:54 pm

ന്യൂദല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗത്തിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ലോക്ഡൗണില്‍ പ്രോജക്ടുകളൊന്നുമില്ലെന്നും നികുതിയടയ്ക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് താനെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

ഝാന്‍സി റാണിയ്ക്ക് വരെ ജോലിയില്ലാത്ത അവസ്ഥയോ? എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് ലോക്ഡൗണ്‍ തന്നെ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന് തുറന്നു പറഞ്ഞ് കങ്കണ രംഗത്തെത്തിയത്. ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമെന്ന ഖ്യാതി നേടിയ നടി കൂടിയായ കങ്കണ തനിക്കിപ്പോള്‍ നികുതി അടയ്ക്കാന്‍ കൂടി കഴിയുന്നില്ലെന്നാണ് പറഞ്ഞത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ മനസ്സുതുറന്നത്.

പുതിയ പ്രോജക്ടുകളൊന്നുമില്ലാത്തത് വരുമാനത്തെ ബാധിച്ചെന്നും വര്‍ഷാവര്‍ഷം അടയ്ക്കേണ്ട നികുതിയുടെ പകുതിയാണ് കഴിഞ്ഞവര്‍ഷം ഒടുക്കിയതെന്നും കങ്കണ പറയുന്നു. സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്നമില്ലെന്നും കങ്കണ പറഞ്ഞിരുന്നു.

‘വരുമാനത്തിന്റെ 45 ശതമാനം നികുതി നല്‍കുന്നയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് നല്‍കുന്ന ബോളിവുഡ് നടിയെന്ന പദവിയും എനിക്ക് സ്വന്തമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്,’ എന്നായിരുന്നു കങ്കണയുടെ പ്രസ്താവന.

 

നികുതി കുടിശ്ശികയ്ക്ക് മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ താന്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. വ്യക്തിപരമായി എല്ലാവര്‍ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിതെന്നും എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് കങ്കണയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കൊവിഡ് വ്യാപനത്തോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Prashant Bhushan Mocks At Kangana Ranaut