എഡിറ്റര്‍
എഡിറ്റര്‍
വിജയ് മല്ല്യ മാത്രം പൊതുജനത്തിന്റെ ചെലവില്‍ ജീവിച്ചാ മതിയോ; പാവങ്ങളും ഒന്ന് ജീവിക്കട്ടെ; പിണറായി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിക്ക് പിന്തുണയുമായി പ്രശാന്ത് നായര്‍
എഡിറ്റര്‍
Friday 28th April 2017 2:42pm

 

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിക്ക് പിന്തുണയുമായി എന്‍. പ്രശാന്ത് നായര്‍ ഐ.എ.എസ്. ഇങ്ങനെ ഒരു സ്‌കീമില്ലാതെ വിദ്യാഭ്യാസ ലോണെടുത്ത് കുടുങ്ങിയ കുടുംങ്ങളെ രക്ഷപ്പെടുത്താനാവില്ലെന്നും സര്‍ക്കാരിന്റെ അടിപൊളി നീക്കമാണെന്നുമായിരുന്നു പ്രശാന്ത് പദ്ധതിയെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.


Also read എം.എം മണിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു; മണിയുടെ മൊഴിയെടുക്കും 


ഇന്നലെയായിരുന്നു വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് സര്‍ക്കാര്‍ സഹായ പദ്ധതി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയില്‍ ആവയവര്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭിക്കുക. 9 ലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്കാണ് നാല് വര്‍ഷ കാലത്തേക്കുള്ള തിരിച്ചടവ് സഹായപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പദ്ധതിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയ പ്രശാന്ത് നായര്‍ കലക്ടറായിരുന്ന കാലയളവില്‍ ഏറ്റവും നിസ്സഹായത തോന്നിയ ഒരു വിഷയമായിരുന്നു വിദ്യാഭ്യസവായ്പയെന്നതെന്നും നിരവധിയാളുകളാണ് ഈ കുടുക്കില്‍ പെട്ടിരുന്നതെന്നും പറയുന്നു. ലോണെടുത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇത്തരം സ്‌കീമില്ലാതെ സാധിക്കുകയില്ലെന്ന് പറയുന്ന പ്രശാന്ത് നായര്‍ ‘ഒരു അടിപൊളി മൂവ്’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന് കീഴില്‍ ലോണ്‍ എടുക്കുമ്പോള്‍ തന്നെ പലിശ സഹിതം തരിച്ചടുക്കണമെന്ന് അറിയില്ലേ എന്ന ചോദ്യമായെത്തിയാള്‍ക്ക് മറുപടി നല്‍കാനും ‘കളക്ടര്‍ ബ്രോ’ തയ്യാറായി ചോദ്യങ്ങളോട് പ്രതികരിച്ച പ്രശാന്ത് നിങ്ങള്‍ പറയുന്നത് തിയറിയാണെന്നും ഞാന്‍ പറയുന്നത് കലക്ടറേറ്റില്‍ കണ്ട യാഥാര്‍ത്ഥ്യം ആണെന്നും വിശദീകരിക്കുന്നു.

‘അങ്ങ് പറയുന്നത് തിയറി. ഞാന്‍ പറഞ്ഞത് ദിവസേന കലക്ടറേറ്റില്‍ കണ്ട യാഥര്‍ത്ഥ്യം. വിദ്യാഭ്യാസ ലോണ്‍ എടുക്കുന്നത് കൂടുതലും പാവങ്ങളാണ്. മരിച്ച കുട്ടിയുടെ ലോണ്‍ അടക്കാന്‍ ദരിദ്രരായ മാതാപിതാക്കളുടെ വീട് ജപ്തി ചെയ്യുന്നതാണോ ന്യായം. അപകടത്തില്‍ പെട്ട് കിടപ്പിലായ കുട്ടി ലോണ്‍ അടച്ച് തീര്‍ക്കാത്തതിനാല്‍ അച്ചന്റെ ഉപജീവനമാര്‍ഗ്ഗമായ കൊച്ചു കട ജപ്തി ചെയ്യുന്നത് നന്നായിരിക്കും, ല്ലേ?

തട്ടിപ്പ് കോഴ്‌സിന് ലോണ്‍ കൊടുക്കുന്ന ബാങ്കും തിരിച്ചടവിന് കഴുത്ത് പിടിക്കുന്നത് കണ്ടിട്ടുണ്ട്. സ്വാശ്രയക്കാരന് ഇത് കൊണ്ട് ഒരു ചുക്കുമില്ല. അവന് ബാങ്ക് പണം കൊടുത്ത് കഴിഞ്ഞു. ഇത് തിരിച്ചടവിന്റെ കാര്യമാണ്. നമ്മുടെ സുരക്ഷിത ഭവനത്തില്‍ ഇരുന്ന് ഇതൊക്കെ പറയാന്‍ എളുപ്പമാണ്.

ഫീല്‍ഡില്‍ നടക്കുന്ന യാഥാര്‍ത്ഥ്യം കൂടെ മനസ്സിലാക്കണം. ഞാനത് വേണ്ടുവോളം കണ്ടിട്ടാണ് പറയുന്നത്. സര്‍ക്കാര്‍ പണം ഇവര്‍ക്കൊക്കെ ആശ്വാസം കൊടുക്കാന്‍ തന്നെയാണ്. വിജയ് മല്ല്യ മാത്രം പൊതുജനത്തിന്റെ ചെലവില്‍ ജീവിച്ചാ മതിയോ? ഈ പാവങ്ങളും ഒരു ചെറിയ ജീവിതം ജീവിക്കട്ടെ.’ അദ്ദേഹം പറയുന്നു.


പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘കലക്ടറായിരുന്ന കാലയളവില്‍ ഏറ്റവും നിസ്സഹായത തോന്നിയ ഒരു വിഷയമായിരുന്നു ഇത്. എത്ര പേരാണെന്നോ ഈ കുടുക്കില്‍ പെട്ടിട്ടുള്ളത്? ഇങ്ങനെ ഒരു സ്‌കീമില്ലാതെ വിദ്യാഭ്യാസ ലോണെടുത്ത് കുടുങ്ങിയ കുടംബങ്ങളെ രക്ഷപ്പെടുത്താനാവില്ല.
ഒരു അടിപൊളി മൂവ്!’

Advertisement