'കൊവിഡ് പടരാന്‍ കാരണം മോദിയുടെ അജ്ഞത'; കേന്ദ്രത്തിന്റെ പാളിച്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രശാന്ത് കിഷോര്‍
national news
'കൊവിഡ് പടരാന്‍ കാരണം മോദിയുടെ അജ്ഞത'; കേന്ദ്രത്തിന്റെ പാളിച്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st April 2021, 12:34 pm

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജ്ഞതയാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രോഗവ്യാപനത്തെ പറ്റി യാതൊരു ദീര്‍ഘവീക്ഷണവും മോദിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഏപ്രില്‍ 20ന്  രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം. കൊറോണയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് മോദിയെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു.

‘മോദി സര്‍ക്കാര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് എങ്ങനെ?

1. സ്വന്തം വിവേകം മറയ്ക്കാന്‍ നിലവിലെ പ്രതിസന്ധിയെ അവഗണിക്കുക

2. പെട്ടെന്ന് നിയന്ത്രണം ഏറ്റെടുത്ത് വിജയം നമുക്കാണെന്ന് ജനങ്ങളെ പറ്റിക്കാന്‍ പറയുക.

3. പ്രശ്‌നം ഗുരുതരമായാല്‍ ബാക്കിയുള്ളവരുടെ തലയിലിടുക

4. ഇനി അഥവാ സാഹചര്യം മെച്ചപ്പെട്ടാല്‍ സംഘി ഭക്തര്‍ക്ക് ക്രഡിറ്റ് കൊടുത്ത് പഴയപടി മുന്നോട്ടുപോകുക’, പ്രശാന്ത് കിഷോര്‍ ട്വിറ്ററിലെഴുതി.

രാജ്യത്ത് കൊവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കൊവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വീശിയടിച്ചത്. പക്ഷെ എല്ലാവരും ഒന്നിച്ചു നിന്നാല്‍ അതിനെ തരണം ചെയ്യാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നമ്മുടെ ചുറ്റും നോക്കിയാല്‍ പലരും ആവശ്യമുള്ളവര്‍ക്ക് മരുന്നും ഭക്ഷണവും എല്ലാം എത്തിച്ചു നല്‍കുന്നത് കാണുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരണമെന്നും യുവജനങ്ങള്‍ തങ്ങളുടെ താമസസ്ഥലങ്ങളില്‍ ചെറിയ കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാവര്‍ക്കും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനുള്ള ബോധവത്കരണം നടത്തണമെന്നും മോദി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prasanth Kishore Slams Narendra Modi For Mishandling Covid Crisis