'പ്രണയമായി രാധാ വിരഹിണിയതു രാധ'; പ്രണയം തുളുമ്പുന്ന ആമിയിലെ രണ്ടാം ഗാനവും പുറത്ത് വിട്ടു
Mollywood
'പ്രണയമായി രാധാ വിരഹിണിയതു രാധ'; പ്രണയം തുളുമ്പുന്ന ആമിയിലെ രണ്ടാം ഗാനവും പുറത്ത് വിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th February 2018, 1:55 pm

 

കൊച്ചി: മാധവികുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ശ്രേയാ ഘോഷലും വിജയ് യേശുദാസും ചേര്‍ന്ന് ആലപിച്ച   പ്രണയമായി രാധാ വിരഹിണിയതു രാധ… എന്നു തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്.

യൗവനത്തില്‍ മാധവിക്കുട്ടിയുടെ ജീവിതത്തിലുള്ള സംഘര്‍ഷങ്ങളും പ്രണയവുമാണ് രണ്ടാമത്തെ ഗാനത്തിലെ പ്രമേയം.

ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ എത്തുമ്പോള്‍. മുരളി ഗോപി, ടോവിനോ തോമസ്, അനൂപ് മേനോന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ജനുവരി 26 നായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യം പുറത്ത് വിട്ട നീര്‍മാതള പുവിനുള്ളിലെ എന്ന് ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

ആമിയായി ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാ ബാലനെയായിരുന്നു. എന്നാല്‍ വിദ്യ ചിത്രത്തില്‍ നിന്ന പിന്മാറിയതോടെ മഞ്ജുവിന് നറുക്കു വീഴുകയായിരുന്നു. വിദ്യയാണ് മാധവിക്കുട്ടിയായി അഭിനയിക്കുന്നതെങ്കില്‍ ചിത്രത്തില്‍ ലൈംഗികത വര്‍ധിക്കുമെന്ന സംവിധായകനായ കമലിന്റെ അഭിപ്രായം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.