ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് ഒരുക്കിയ ഡീയസ് ഈറെ മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇതിനോടകം കോടികളാണ് സ്വന്തമാക്കിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ നിന്ന് 40 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
ഇങ്ങനെ പോയാല്‍ സിനിമ വൈകാതെ തന്നെ 50 കോടിയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളത്തില്‍ നിന്ന് ചിത്രം 15 കോടിയാണ് സ്വന്തമാക്കിയത്. ഒക്ടോബര്‍ 31 ന് റിലീസ് ചെയ്ത സിനിമ മൂന്ന് ദിവസങ്ങള്‍കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 16 കോടിയാണ് നേടിയത്. പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രം സിനിമ 80 ലക്ഷത്തിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച 4.7 കോടിയുമായി ചിത്രം റിലീസ് ചെയ്തു, തുടര്‍ന്ന് ശനിയാഴ്ച 5.7 കോടിയായി, 21.28% വര്‍ദ്ദനവുണ്ടായി. ഞായറാഴ്ച, ചിത്രം 6.35 കോടി നേടിയതായി കണക്കാക്കപ്പെടുന്നു. ആദ്യ വാരാന്ത്യത്തിന്റെ അവസാനത്തോടെ ആകെ 16.75 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടിക്ക് മുകളിലായിരിക്കുകയാണ്.
ഈ ചിത്രവും 50 കോടി നേടിയാല്‍ പ്രണവിന്റെ ഹാട്രിക് 50 കോടിക്ക് മലയാള സിനിമ സാക്ഷ്യം വഹിക്കും. മുമ്പ് പുറത്തിറങ്ങിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ 50 കോടി നേട്ടം കൈവരിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി ഹാട്രിക് 50 കോടി നേടിയത് മോഹന്‍ലാല്‍ മാത്രമാണ്. ലിസ്റ്റില്‍ മോഹന്‍ലാലിനൊപ്പം പ്രണവും ഇടംപിടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
അനൗണ്‍സ്മെന്റ് മുതല്‍ ഓരോ അപ്ഡേറ്റിലും സിനിമാപ്രേമികളും പ്രതീക്ഷ വാനോളമുയര്‍ത്തിയ ചിത്രമാണ് ഡീയസ് ഈറേ. വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ a സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് പ്രദര്‍ശനത്തിനെത്തിയത്.
ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ ഏറെ ജനപ്രീതി നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്. ഡീയസ് ഈറെയിലും അദ്ദേഹം തന്റെ മേക്കിങ്ങ് കൊണ്ട് ഞെട്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത് അതേസമയം പ്രണവ് മോഹന്‍ലാലിന്റെ ഗംഭീര പെര്‍ഫോമന്‍സാണ് സിനിമയിലേതെന്നും പ്രേക്ഷകര്‍ പറയുന്നു.
Content highlight: Pranav Mohanlal’s film Dies irae will crosses 50 crores