പ്രണവ് സി. ഹരി മിടുക്കന്‍; 'വ്യാജവാര്‍ത്തയ്ക്ക് കീഴടങ്ങില്ല; പേഴ്‌സണല്‍ സ്റ്റാഫ് നിയമന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ടി. സിദ്ദിഖ്
Kerala
പ്രണവ് സി. ഹരി മിടുക്കന്‍; 'വ്യാജവാര്‍ത്തയ്ക്ക് കീഴടങ്ങില്ല; പേഴ്‌സണല്‍ സ്റ്റാഫ് നിയമന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ടി. സിദ്ദിഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th July 2026, 6:22 pm

കല്‍പ്പറ്റ: പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്.

പേഴ്സണല്‍ സ്റ്റാഫില്‍ അങ്ങനെയൊരാളെ താന്‍ നിയമിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിക്ക് കത്തുകൊടുത്തു എന്ന് പറയുന്നത് തികച്ചും വ്യാജമായ വാര്‍ത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനാരംഗത്ത് പ്രവര്‍ത്തിക്കാത്ത, കോണ്‍ഗ്രസുമായി നേരിട്ട് ബന്ധമില്ലാത്ത പ്രണവ് സി. ഹരി എന്നയാളെ, ഉയര്‍ന്ന ശമ്പളമുള്ള ‘അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി’ എന്ന തസ്തികയിലേക്ക് ടി. സിദ്ദിഖ് ശുപാര്‍ശ ചെയ്തു എന്നായിരുന്നു വാര്‍ത്ത.

വിവാദത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രണവ് സി. ഹരി എന്ന യുവാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ യോഗ്യതകളെക്കുറിച്ചും മന്ത്രി ടി. സിദ്ദിഖ് വിശദീകരിച്ചു.

‘ചൂരല്‍മല – മുണ്ടക്കൈ ദുരന്ത സമയത്ത് ഒപ്പമുണ്ടായിരുന്ന, രണ്ട് ഡിഗ്രിയുള്ള മിടുക്കനായ പയ്യനാണ് പ്രണവ് സി. ഹരി. പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി തേര്‍ഡ് റാങ്ക് ഹോള്‍ഡറാണ്. അതുകഴിഞ്ഞ് ദല്‍ഹി യൂണിവേഴ്സിറ്റിയുടെ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എല്‍.എല്‍.എം കഴിഞ്ഞു. ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് റാങ്കോടു കൂടി പാസായ മിടുക്കനാണ്.’

മുണ്ടക്കൈ ദുരന്തത്തിന് ശേഷം ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ തന്റെ (എം.എല്‍.എയുടെ) ഹെഡ് ആയി പ്രവര്‍ത്തിച്ചത് പ്രണവാണെന്നും ടി. സിദ്ദിഖ് പറഞ്ഞു. കുട്ടികളെ പഠിപ്പിക്കാനുള്ള ഏകോപനത്തിന്റെ ചുമതല വഹിച്ചുകൊണ്ട് മംഗലാപുരത്തെ യെനപ്പൊയ്യ യൂണിവേഴ്സിറ്റിയിലും കന്യാകുമാരി യൂണിവേഴ്സിറ്റിയിലും നിരവധി തവണ പ്രണവ് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ചുള്ള വാര്‍ത്ത തികച്ചും വ്യാജമാണെന്ന് ആവര്‍ത്തിച്ച മന്ത്രി ഇങ്ങനെ ഒരു മിടുക്കനായ പയ്യനെ സ്റ്റാഫില്‍ വെക്കാന്‍ തീരുമാനിച്ചാല്‍ അത് താന്‍ ചെയ്യുമെന്നും വ്യക്തമാക്കി.

‘വ്യാജവാര്‍ത്ത കൊടുത്ത് നമ്മളെയൊക്കെ മലീമസപ്പെടുത്താന്‍ പറ്റുമോ എന്നാണ് ചിലരുടെ ആലോചന. അതിന്റെ ഭാഗമായാണ് ഇതൊക്കെ. അവനെ സ്റ്റാഫില്‍ വെക്കണോ വെക്കേണ്ടയോ എന്നുള്ളത് ഞാന്‍ തീരുമാനിച്ചിട്ടില്ല. വെക്കാന്‍ തീരുമാനിച്ചാല്‍ അത് വെക്കും, അതില്‍ തര്‍ക്കമില്ല. കാരണം അവന്‍ അത്രയും കൊള്ളാവുന്ന പയ്യനാണ്.’ ടി. സിദ്ദിഖ് പറഞ്ഞു.

പ്രണവ് സി. ഹരി, തന്റെ ഭാര്യയുടെ ബിസിനസ്സ് പങ്കാളിയാണെന്ന ആരോപണത്തോടും സിദ്ദിഖ് പ്രതികരിച്ചു. തങ്ങള്‍ രാഷ്ട്രീയത്തിലൂടെ ജീവിക്കുന്ന ആളുകളല്ലെന്നും ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന തൊഴില്‍, സര്‍ക്കാരിന് കൃത്യമായി ടാക്‌സ് കൊടുത്ത് ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാനും ഭാര്യയുമൊക്കെ നേരത്തെ ഒരു ബിസിനസ്സ് നടത്തിയിരുന്നു. ഇപ്പോള്‍ വൈഫാണ് അത് കൊണ്ടുപോകുന്നത്. ഹൗസ് കീപ്പിങ്, സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് ആ ബിസിനസ്സ്. നിരവധി പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ആ ജോലി ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള ഏകോപനത്തിലും ഈ കുട്ടിയുണ്ട്. ആ വാര്‍ത്ത വെച്ചാണ് എന്നെ ഇപ്പോള്‍ വളഞ്ഞിട്ട് പിടിക്കാന്‍ നോക്കുന്നത്.’

സത്യസന്ധമല്ലാത്ത ഒരു കാര്യത്തിനും താന്‍ നില്‍ക്കില്ലെന്നും, ഈ നിയോജക മണ്ഡലത്തിലെയും ജില്ലയിലെയും ആളുകള്‍ക്ക് തന്റെ പേരില്‍ തലകുനിക്കേണ്ട ഒരു സാഹചര്യം ഒരുകാലത്തും വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ ഉറപ്പ് പാലിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകും. വ്യാജവാര്‍ത്ത ചെയ്ത് തന്നെ അപമാനിക്കാനുള്ള ശ്രമം നടത്തിയാല്‍ അതിന്റെ മുന്‍പില്‍ ഒരു കാരണവശാലും കീഴടങ്ങില്ലെന്നും ടി. സിദ്ദിഖ് സൂചിപ്പിച്ചു.

പ്രണവ് സി. ഹരി തലവനായ ‘എം.എല്‍.എ കെയര്‍ എഡ്യൂക്കേഷന്‍ റീഹാബിലിറ്റേഷന്‍ പ്രൊജക്റ്റിന്റെ’ (MLA CARE Education Rehabilitation Project) കീഴില്‍ നിലവില്‍ നാനൂറിലധികം കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് പ്രൊജക്റ്റ് എഡ്യൂക്കേഷന്‍ ടീം അവകാശപ്പെടുന്നു.

ഇതില്‍ ഇരുനൂറോളം കുട്ടികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരാണ്. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ലോ (LLB) തുടങ്ങിയ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിയിലൂടെ ഇതിനകം 35 കുട്ടികള്‍ ബിരുദപഠനം പൂര്‍ത്തിയാക്കുകയും, അതില്‍ 23 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കേവലം ട്യൂഷന്‍ ഫീസ് മാത്രം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി, ഇതൊരു സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.

കുട്ടികളുടെ ട്യൂഷന്‍ ഫീസിന് പുറമെ ഹോസ്റ്റല്‍ ഫീസ്, മെസ്സ് ചാര്‍ജ്, യാത്രാ ബത്ത എന്നിവയും ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കുന്ന വര്‍ഷം വരെയുള്ള (ഉദാഹരണത്തിന് 2028 മാര്‍ച്ച്) വിപണിയിലെ പണപ്പെരുപ്പവും മറ്റ് റിസ്‌ക് ഫാക്ടറുകളും മുന്‍കൂട്ടി കണക്കാക്കിയാണ് ഓരോ കുട്ടിക്കുമുള്ള ബജറ്റ് അനുവദിക്കുന്നത്.

ഇത്തരമൊരു സമഗ്ര വിദ്യാഭ്യാസ പദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നതെന്നും ഇവര്‍ പറയുന്നു.

അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവര്‍ മുതല്‍ ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി നേടിയവര്‍ വരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

നിലവിൽ ഈ പദ്ധതിയുടെ തുടർച്ചയെന്നോളം വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു.

നിര്‍ധനരായ കുട്ടികളെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതികളും എം.എല്‍.എ കെയറിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് ആവശ്യമായ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും മറ്റ് സഹായങ്ങളും നല്‍കുന്നതിനൊപ്പം, അവരെ അഭിമുഖങ്ങള്‍ക്ക് പ്രാപ്തരാക്കാന്‍ ‘ഫിനിഷിങ് സ്‌കൂള്‍’ മോഡല്‍ ക്ലാസുകളും ഇവിടെ ഒരുക്കുന്നു.

കൂടാതെ, വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യം ) വര്‍ദ്ധിപ്പിക്കുന്നതിനായി പ്രമുഖ കമ്പനികളുടെ സഹകരണത്തോടെയുള്ള എ.ഐ ട്രെയിനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഈ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ വിജയകരമായി ചെയ്തുവരുന്നതായും ഇവര്‍ അവകാശപ്പെട്ടു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഇക്കണോമിക്‌സില്‍ ബിരുദം നേടിയ പ്രണവ് അമിറ്റി യൂണിവേഴ്‌സിറ്റി എല്‍.എല്‍.ബി ഓണേഴ്‌സ് – ബിസിനസ് ലോയില്‍ മൂന്നാം റാങ്ക് ജേതാവാണ്

ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പി.ജി ഡിപ്ലോമ & സര്‍ട്ടിഫിക്കേഷന്‍ (ഐ.പി.ആര്‍ കൂടാതെ സൈബര്‍ സെക്യൂരിറ്റി), ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ന ിന്നും റിസ്‌ക് മാനേജ്മെന്റ് & ക്വാളിറ്റി മാനേജ്മെന്റില്‍ ഒന്നാം റാങ്ക് ജേതാവുമാണ്.

സുപ്രീം കോടതിയില്‍ 2 വര്‍ഷം അഭിഭാഷകനായി ജോലി ചെയ്ത പ്രണവ് സി ഹരി വയനാട്ടിലെ ഉറവ് എക്കോ ലിങ്ക്‌സിന്റെ സി.ഇ.ഒ ആയും സേവനമനുഷ്ഠിച്ചുവരുന്നു.

Content Highlight: Pranav is brilliant, won’t bow to fake news, Minister T. Siddique hits back at staff appointment allegations