മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
national news
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2020, 6:00 pm

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മകന്‍ അഭിജിത് മുഖര്‍ജിയാണ് പ്രണബ് മുഖര്‍ജിയുടെ മരണം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 10 നാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രണബ് മുഖര്‍ജിയെ പ്രവേശിപ്പിച്ചത്.

ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 2012 മുതല്‍ ’17 വരെയായിരുന്നു രാഷ്ട്രപതിയായി അദ്ദേഹം സ്ഥാനം വഹിച്ചിരുന്നത്.

വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളിലായി ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ ചുമതലകള്‍ പ്രണബ് മുഖര്‍ജി വഹിച്ചിരുന്നു. 2019 ല്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം പ്രണബ് മുഖര്‍ജിക്ക് ലഭിച്ചിരുന്നു.

1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയില്‍ കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായിട്ടായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം.

1969 മുതല്‍ അഞ്ചുതവണ രാജ്യസഭയിലും മൂന്നുതവണ ലോക്സഭയിലും അംഗമായി.

ഐഎംഎഫ്, ലോകബാങ്ക്, എഡിബി ബോര്‍‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം, ലോക്സഭാനേതാവ്, ബംഗാള്‍ PCC അധ്യക്ഷന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.

പരേതയായ സുവ്രയയാണ് ഭാര്യ. അഭിജിത്, ഇന്ദ്രജിത്,ശര്‍മിഷ്ഠ എന്നിവര്‍ മക്കളാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlight: Pranab Mukherjee, former President of India, dies