കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ ഇന്ന് (തിങ്കള്‍) വിധി വരാനിരിക്കെ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകര്‍ പ്രമോദ് രാമന്‍. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ഭാഗമായ കേസ് കൂടിയാണിതെന്നും പ്രമോദ് രാമന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചാണ് പ്രമോദ് രാമന്റെ പോസ്റ്റ്. ഈ ഗ്രൂപ്പില്‍ തന്റെയടക്കമുള്ളവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌ക്രീന്‍ഷോട്ടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രമോദ് രാമന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
‘അന്വേഷണത്തിനിടെ പിടിച്ച ഒരു പെന്‍ഡ്രൈവില്‍ നിന്നാണ് പൊലീസിന് ആ വ്യാജ സ്‌ക്രീന്‍ ഷോട്ട് കിട്ടുന്നത്. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിന്റേത് എന്ന പേരില്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട്. ഇപ്പോള്‍ ബി.ജെ.പി നേതാവായ ഷോണ്‍ ജോര്‍ജ് ദിലീപിന്റെ സഹോദരന്‍ അനൂപിന് അയച്ച സ്‌ക്രീന്‍ഷോട്ട്. അതില്‍ ഒരു പേര് പ്രമോദ് രാമന്‍,’ എന്ന് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകരായ എം.വി. നികേഷ് കുമാര്‍, സ്മൃതി പരുത്തിക്കാട് തുടങ്ങിയവരുടെയും നടിയും ദിലീപിന്റെ മുന്‍ ഭാര്യയെ മഞ്ജു വാര്യര്‍, കേസില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന ബി. സന്ധ്യ ഐ.പി.എസ്, അഡ്വ. ടി.ബി. മിനി എന്നിവരുടെയും വ്യാജ പ്രൊഫൈലുകള്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആരൊക്കെയാണോ ദിലീപിനെ ‘പൂട്ടാന്‍’ രംഗത്തുള്ളതായി അവര്‍ കണക്കാക്കിയോ അവരെല്ലാരും വ്യാജ ഗ്രൂപ്പില്‍ ഉണ്ടായിരുന്നുവെന്നും പ്രമോദ് രാമന്‍ കൂട്ടിച്ചേര്‍ത്തു. ‘ദിലീപിനെതിരായി ഗൂഢ/ലോചന’ അതായിരുന്നു ആ സ്‌ക്രീന്‍ഷോട്ടിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ വ്യാജ സ്‌ക്രീന്‍ഷോട്ടിന് വേറെ കേസുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ കേസില്‍ പ്രമോദ് രാമന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായെന്നും അദ്ദേഹം പറഞ്ഞു.
‘അതിജീവിതേ. ഈ രാത്രി പുലരുമ്പോള്‍ നീതി എന്തായാലും, നീ തീ ആയിരിക്കുക,’ എന്ന് മറ്റൊരു പോസ്റ്റിലൂടെ പ്രമോദ് രാമന്‍ പ്രതികരിച്ചു.
Content Highlight: Pramod Raman react as verdict in actress attack case is expected today